മാഞ്ഞൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ ക്ലാസ് മുറികളുടെ മുകള്‍ഭാഗത്ത് സീലിംഗ് അടര്‍ന്നു വീണത് വിദ്യാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുയര്‍ത്തി. സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി മോന്‍സ് ജോസഫ് എംഎല്‍എ സ്‌കൂള്‍ സന്ദര്‍ശിച്ചു. ഗ്രാമപഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും സ്‌കൂള്‍ അധികൃതരുമായും എംഎല്‍എ ചര്‍ച്ച നടത്തി. പൊതുമരാമത്ത് വകുപ്പ് ബില്‍ഡിംഗ് വിഭാഗത്തോട് അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും കുട്ടികള്‍ക്ക് സുരക്ഷിതമായി പഠിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനും നടപടി സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ആയി മൂന്നുലക്ഷം രൂപയും എംഎല്‍എ ഫണ്ട് ആയി പത്തുലക്ഷത്തോളം രൂപയും നല്‍കി സ്‌കൂള്‍ കെട്ടിടം നവീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം.ജോര്‍ജ്, പഞ്ചായത്ത് അംഗങ്ങളായ സുനു ജോര്‍ജ്,ചാക്കോ മത്തായി, കേരള കോണ്‍ഗ്രസ് നേതാവ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍ തുടങ്ങിയവരുമായും എംഎല്‍എ ചര്‍ച്ച നടത്തി. സുരക്ഷാക്രമീകരണങ്ങള്‍ അടിയന്തരമായി ഒരുക്കുമെന്നും എംഎല്‍എ പ്രതികരിച്ചു.
0 Comments