പാലാ സെന്റ് തോമസ് കോളേജിലെ ലഹരി വിരുദ്ധ പ്രവര്‍ത്തന സേനയായ ആസാദ് സേനയിലെ അംഗങ്ങളായ എന്‍.സി.സി. നേവല്‍ വിഭാഗം കേഡറ്റ്‌സും കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനും ചേര്‍ന്ന് ലഹരി വിരുദ്ധ റാലിയും ദീപശിഖാ പ്രയാണവും സംഘടിപ്പിച്ചു. കോളേജ് അങ്കണത്തില്‍ വച്ച് നടന്ന ബോധവത്കരണ പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജെയിംസ് ജോണ്‍ മംഗലത്ത് യുവതലമുറയെ ലഹരിയുടെ ഉപയോഗം മൂലമുള്ള മഹാ വിപത്തിനേക്കുറിച്ച് ബോധവാന്‍മാരാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ഡേവിസ് സേവ്യറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജയിംസ് ജോണ്‍ കൊളുത്തി നല്‍കിയ ദീപശിഖ എന്‍.സി.സി. നേവല്‍ വിഭാഗം പി.ഒ.സിമാരായ അഭിഷേക് മഹാദേവന്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റ് വാങ്ങി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോളേജ് അങ്കണത്തില്‍ നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ ദീപശിഖാ പ്രയാണവും റാലിയും പാലാ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സണ്‍സ്റ്റാര്‍ റസിഡന്‍സി അങ്കണത്തില്‍ അവസാനിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെന്റ് തോമസ് കോളേജ് എന്‍.സി.സി. നേവല്‍ വിഭാഗം കേഡേറ്റ്‌സ് അവരിപ്പിച്ച ഫ്‌ലാഷ് മോബും ലഹരി വിരുദ്ധ സന്ദേശം പകര്‍ന്ന് നല്‍കിയ റാലിയും ഏറെ ശ്രദ്ധേയമായി. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. സാല്‍വിന്‍ കാപ്പിലിപ്പറമ്പില്‍ , എന്‍.സി.സി. നേവല്‍ വിഭാഗം എ.എന്‍.ഒ. സബ് ലഫ്റ്റണന്റ് ഡോ. അനീഷ് സിറിയക്, കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍ പ്രതീഷ്, ജില്ലാ സെക്രട്ടറി കെ.കെ ഫിലിപ്പ്കുട്ടി, പാലാ യൂണിറ്റ് പ്രസിഡന്റ് ബിനോയ് വി ജോര്‍ജ്, പാലാ യൂണിറ്റ് സെക്രട്ടറി ബിബിന്‍ തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് ബേബി ഒമ്പള്ളി, പാലാ യൂണിറ്റ് പേട്രണ്‍ സി.ടി ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു. സെന്റ് തോമസ് കോളേജ് എന്‍.സി.സി നേവല്‍ വിഭാഗം പി.ഒ.സിമാരായ അഭിഷേക് മഹാദേവന്‍, അനന്തകൃഷ്ണന്‍ ജെ, ശരത് ആര്‍ ദേവ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments