Breaking...

9/recent/ticker-posts

Header Ads Widget

നാട്ടുകാരുടെ നേത്യത്വത്തില്‍ ബൈപാസ് സംരക്ഷണ സമിതിക്കു രൂപം നല്‍കി.



ഏറ്റുമാനൂര്‍ ബൈപാസ് റോഡില്‍ മാലിന്യം നിക്ഷേപം തടയാന്‍ നാട്ടുകാരുടെ നേത്യത്വത്തില്‍  ബൈപാസ് സംരക്ഷണ സമിതിക്കു രൂപം നല്‍കി. രാത്രികാല നടത്തം, പൂന്തോട്ട നിര്‍മാണം, ബോധവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ബൈപാസിനെ മാലിന്യം മുക്തമാക്കുകയാണ് സമിതിയുടെ ലക്ഷ്യം. പട്ടിത്താനം മുതല്‍ പാറകണ്ടം വരെയുള്ള ബൈപാസ് റോഡില്‍ ശുചിമുറി മാലിന്യം, അറവുശാല മാലിന്യങ്ങള്‍, മത്സ്യ മാര്‍ക്കറ്റില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍  എന്നിവയടക്കമുള്ള   മാലിന്യങ്ങളാണ് സാമൂഹ്യവിരുദ്ധര്‍ രാത്രിയുടെ മറവില്‍ തള്ളുന്നത്.  അസഹ്യമായ ദുര്‍ഗന്ധം മൂലം ബൈപ്പാസ് റോഡ് അരികിലെ  വീടുകളുടെ ജനലുകള്‍ പോലും തുറക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്.  കൂടിവെള്ള സ്രാതസ്സുകള്‍ മലിനപ്പെടുകയാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.  രാത്രിയുടെ മറവില്‍ ടാങ്കര്‍ ലോറികളിലെത്തിക്കുന്ന കക്കൂസ്  മാലിന്യം റോഡ് അരികിലെ തോട്ടിലേക്കും പുരയിടത്തിലേക്കുമാണ് തള്ളുന്നത്. ബൈപാസ് റോഡ് കടന്നു പോകുന്ന വാര്‍ഡുകളില കൗണ്‍സിലര്‍മാര്‍ റസിഡന്റ്‌സ് അസോസിയേഷന്‍, സന്നദ്ധ സംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍, ഓട്ടോ തൊഴിലാളികള്‍, പ്രഭാത സായാഹ്ന സവാരിക്കാര്‍, നാട്ടുകാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംരക്ഷണ സമിതിക്കാണ് രൂപം നല്‍കിയത്. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്. വിശ്വനാഥന്‍ സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ പ്രസ് ക്ലബ് സെക്രട്ടറി കെ.ജി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ സുരേഷ് വടക്കേടം, രശ്മി ശ്യാം,റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ശ്രീകുമാര്‍ പണിക്കര്‍, സനില്‍ കാട്ടാത്തി, എ.ജെ ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു. വനമിത്ര അവാര്‍ഡ് ജേതാവ് ജോജോ ആട്ടയില്‍ ബൈപാസ് റോഡ് അരികില്‍ ഔഷധ തൈ നട്ടു സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സനല്‍ കാട്ടാത്തി പ്രസിഡന്റും,  കെ.ജി.രഞ്ജിത്ത് സെക്രട്ടറിയുമായ സമിതിയാണ്  രൂപീകരിച്ചത്.  ബൈപാസ് റോഡിനെ വാര്‍ഡ് ആടിസ്ഥാനത്തില്‍ 3 മേഖലകളായി തിരിച്ച് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍  രാത്രികാല നടത്തം സംഘടിപ്പിക്കും. രാത്രികാല പരിശോധന, മാലിന്യം തള്ളല്‍ നടക്കുന്ന സ്ഥലങ്ങള്‍, രീതികള്‍ എന്നിവ കണ്ടെത്തി പൊലിസിനും മറ്റ് അധികൃതര്‍ക്കും റിപ്പോര്‍ട്ട് നല്‍കുക, പാതയോര ഉദ്യാനം ഒരുക്കുക എന്നിവയെല്ലാം സംരക്ഷണ സമിതി ലക്ഷ്യമിടുന്നു.




Post a Comment

0 Comments