കട്ടച്ചിറയില്‍ കൂടംകുളം വൈദ്യുതി ലൈനിനു മുകളില്‍ കയറി നിലയുറപ്പിച്ച യുവാവിനെ പോലീസും ഫയര്‍ഫോഴ്‌സ് സംഘവും ചേര്‍ന്ന് അനുനയിപ്പിച്ച് താഴെയിറക്കി. ഈരാറ്റുപേട്ട അമ്പാറനിരപ്പേല്‍ പ്രദീപ് എന്നയാളാണ് വൈദ്യുതി ലൈനിനു മുകളില്‍ കയറി പരിഭ്രാന്തി പരത്തിയത്. ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്നും, താമസിക്കാന്‍ വീടു വേണമെന്നും, ഭാര്യയുടെ ചികിത്സയ്ക്ക് സഹായം വേണമെന്നും, ആധാര്‍ കാര്‍ഡ് അടക്കുള്ള രേഖകള്‍ നഷ്ടപ്പെട്ടുവെന്നും ഇയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. തന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി ഇടപെട്ട് സഹായം ഉറപ്പാക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘവും, പോലീസും സ്ഥലത്തെത്തി. വിവിധ ഓഫീസുകളില്‍ നിന്നും KSEB ഉദോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കൂടംകുളം ലൈന്‍ ഓഫ് ചെയ്ത് അപകടമൊഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചു. അപകടമുണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാണിച്ച് ഇലക്ട്രിക് ടവറില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. 2 മണിക്കൂറിലധികം ടവറിന് മുകളില്‍ കയറി നിന്ന ഇയാളെ ഏറെ പണിപ്പെട്ടാണ് താഴെയിറക്കിയത്. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, കിടങ്ങൂര്‍ SHO റനീഷ് PS എന്നിവര്‍ ഇയാളോട് സംസാരിച്ചു. ഇയാളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കാമെന്നും, തലപ്പലം പഞ്ചായത്ത് അധികൃതരുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും ഉറപ്പു നല്‍കിയതായി കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ താഴെയിറങ്ങാന്‍ തയ്യാറായത്. രാവിലെ ഏഴരയോടെ ടവറിനു മുകളില്‍ കയറിയ ഇയാള്‍ 12 മണിയോടെയാണ് താഴെയിറങ്ങിയത്. പോലീസ്- ഫയര്‍ഫോഴ്‌സ്, KSEB അധികൃതരും, ജനപ്രതിനിധികളും സ്ഥലത്തെത്തി അനുനയ ശ്രമങ്ങളില്‍ പങ്കെടുത്തു. താഴെയിറങ്ങിയ പ്രദീപിനെ കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. മണിക്കൂറുകളോളം ഇലക്ട്രിക് ടവറില്‍ കയറിനിന്നതോടെ നിരവധിയാളുകളും സ്ഥലത്തെത്തിയിരുന്നു. ഇയാളുടെ ആവശ്യങ്ങള്‍ പരിഹരിക്കാമെന്നുറപ്പു നല്‍കുമ്പോള്‍ അപകടമൊഴിവാക്കി സുരക്ഷിതമായി താഴെയിറക്കാന്‍ കഴിഞ്ഞതിലുള്ള ആശ്വാസത്തിലായിരുന്നു അധികൃതര്‍. കൂടംകുളം ലൈന്‍ ഓഫ് ചെയ്യണ്ടിവരുന്നത് വലിയ നഷ്ടമുണ്ടാക്കുന്ന കാര്യമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
0 Comments