മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ ജീവനാംശം നല്‍കണമെന്ന് പാലാ ആര്‍.ഡി.ഒ ഉത്തരവിട്ടു. മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്ന പരാതിയില്‍ മാതാപിതാക്കളെ സംരക്ഷിക്കാനും ജീവനാശം നല്‍കാനും, സംരക്ഷിക്കാന്‍ തയ്യാറാവാത്ത ആളില്‍ നിന്ന് ആധാരം തിരികെ എഴുതി നല്‍കാന്‍ നടപടി സ്വീകരിക്കാനും മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനുള്ള മെയിന്റനന്‍സ് ട്രൈബ്യൂണല്‍ പ്രിസൈഡിങ് ഓഫീസറും പാലാ ആര്‍.ഡി.ഒ യുമായ പി.ജി രാജേന്ദ്രബാബുവിന്റെ ഉത്തരവ്. പാലായില്‍ മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും സാമൂഹിക നീതിവകുപ്പിന്റേയും ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന അദാലത്തില്‍ ലഭിച്ച 20 പരാതികളില്‍ 11 എണ്ണത്തിലാണ് ആര്‍.ഡി.ഒ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതില്‍ മാതാപിതാക്കളെ സംരക്ഷിക്കാന്‍ തയ്യാറാവുന്നില്ലെന്ന ഒരു പരാതിയില്‍ ആധാരം തിരികെ മാതാപിതാക്കള്‍ക്ക് തന്നെ എഴുതി നല്‍കാന്‍ നടപടി സ്വീകരിക്കാനും ഉത്തരവായി. ബാക്കിയുള്ള 9 പരാതികളില്‍ പരിഹാരം കാണാനുള്ള നടപടികളും ആരംഭിച്ചതായി ആര്‍.ഡി.ഒ അറിയിച്ചു. ഇതിനായി നിയോഗിച്ചിട്ടുള്ള കണ്‍സീലിയേഷന്‍ പാനല്‍ അംഗങ്ങളായ കെ.എസ് ഗോപിനാഥന്‍ നായര്‍, സിറിയക് ബെന്നി, എസ്.സദാശിവന്‍ പിള്ള എന്നിവരും അദാലത്തില്‍ പങ്കെടുത്തു.
0 Comments