ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാര്‍പ്പ്, കാഞ്ഞിരം പാറെനാല്പ്പത്തില്‍ വീട്ടില്‍ ജെറിന്‍ (24), തിരുവാര്‍പ്പ് കാഞ്ഞിരം തൊണ്ണുറില്‍ചിറ വീട്ടില്‍ സാമോന്‍ (27), കുമരകം പൂവത്തുശേരി വീട്ടില്‍ സഞ്ജയ് സന്തോഷ് (24) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി കുമരകം സ്വദേശിയായ ഗൃഹനാഥനെയും, മകനെയും, ഗൃഹനാഥന്റെ സഹോദരനെയും ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഗൃഹനാഥന്റെ വളര്‍ത്തുനായയുടെ നേരെ സാമോന്‍ പടക്കം കത്തിച്ചെറിഞ്ഞത് ഗൃഹനാഥന്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം ഇവര്‍ സംഘം ചേര്‍ന്ന് ഗൃഹനാഥനെ മര്‍ദ്ദിക്കുകയും, കരിങ്കല്ല് കഷണം കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ഗൃഹനാഥന്റെ മകനെയും, ഗൃഹനാഥന്റെ സഹോദരനെയും, അയല്‍ക്കാരനെയും ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കുമരകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൂവരെയും പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷന്‍ എസ്.എച്ച്.ഒ അന്‍സല്‍ എ.എസ്, എസ്.ഐ മാരായ ഷാജി, സുനില്‍കുമാര്‍,സി.പി.ഓ മാരായ അഭിലാഷ്, അമ്പാടി,ഷൈജു, അനില്‍കുമാര്‍, മിനിഷ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മൂവരേയും റിമാന്‍ഡ് ചെയ്തു.
0 Comments