പാലാ തൊടുപുഴ റോഡില്‍ രാത്രികാലങ്ങളില്‍ കുറിഞ്ഞിക്കു സമീപം റോഡുവക്കില്‍ മാലിന്യം തള്ളിയ സാമൂഹ്യ വിരുദ്ധരെ നാട്ടുകാര്‍ പിടികൂടി. നെല്ലാപ്പാറയ്ക്കും, കുറിഞ്ഞിക്കും ഇടയില്‍ ചൂരപ്പട്ട വളവിന് സമീപം ടിപ്പര്‍ ലോറി നിറയെ മാലിന്യം നിക്ഷേപിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലാത്. വര്‍ഷങ്ങളായി നിരവധി തവണ സാനിട്ടറി മാലിന്യം, കക്കൂസ് മാലിന്യം, പ്ലാസ്റ്റിക്ക് മാലിന്യം, അറവ് മാലിന്യം എന്നിവ ഇവര്‍ റോഡുവക്കില്‍ തള്ളിയിരുന്നു. വെള്ളച്ചാട്ടവും, കുറിഞ്ഞി കൂമ്പന്‍, കോട്ടമല എന്നീ മലകളുടെ മനോഹരമായ ദൃശ്യഭംഗിയും കണ്ണിന് കുളിര്മയേകുന്ന സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചത് മൂലം പ്രദേശമാകെ ദുര്‍ഗന്ധം പരന്നിട്ടുണ്ട് . കഴിഞ്ഞ ദിവസം രാത്രി ഒരു ടിപ്പര്‍ ലോറി നിറയെ മാലിന്യം വഴിയില്‍ തള്ളാന്‍ എത്തിയവരെ കിഴതിരി വാര്‍ഡ് മെമ്പര്‍ ജോഷി കുമ്പളത്തിന്റെ നേതൃത്വത്തില്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ എടുക്കുമെന്നും, ഈ ഭാഗങ്ങളില്‍ നൈറ്റ് പട്രോളിംഗ് ശക്തമാക്കുമെന്നും പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.പി. ഉണ്ണികൃഷ്ണന് പറഞ്ഞു. തൊടുപുഴ കാരിക്കോട് കൂമ്പങ്കല്ല് മലേപ്പറമ്പില്‍ സഷീറിന്റെ മകന് ഷാനുമോന്‍ എം.ബി.(36) യുടേതാണ് വാഹനം. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ വേസ്റ്റുമായിട്ടാണ് വാഹനം എത്തിയത്. ഇന്നലെ തന്നെ മൂന്ന് ലോഡ് മാലിന്യം ഇവിടെ നിക്ഷേപിച്ചിരുന്നു. നാലാമത്തെ ലോഡ് നിക്ഷേപിക്കുന്നതിന് ഇടയിലാണ് നാട്ടുകാരുടെ പിടിയിലാകുന്നത്. പിടികൂടിയവര്‍ക്ക് 25000 രൂപ പിഴയിട്ടു എന്നും, ഇട്ട മാലിന്യങ്ങള്‍ എത്രയും പെട്ടെന്ന് കോരി മാറ്റുവാന്‍ നിര്‍ദ്ദേശം നല്കി എന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിന് പൊരുന്നക്കോട്ട് പറഞ്ഞു.
0 Comments