ഞീഴൂര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ടൂറിസം ഫെസ്റ്റിന് വെള്ളിയാഴ്ച്ച തുടക്കമാകുമെന്ന് പഞ്ചായത്ത് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.. വെള്ളി, ശനി, ഞായര്‍ തീയതികളില്‍ വലിയതോടിനോട് ചേര്‍ന്നുള്ള തുരുത്തിപ്പള്ളി ചിറയിലാണ് ടൂറിസം ഫെസ്റ്റ് നടക്കുന്നത്. വെള്ളിയാഴ്ച്ച വൈകൂന്നേരം 5.30 ന് ഗായകന്‍ കൊച്ചിന്‍ മന്‍സൂര്‍ ടൂറിസം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.. മൂന്നു ദിവസവും രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് ഫെസ്റ്റ് നടക്കുക. രാവിലെ മുതല്‍ ബോട്ടിംഗ്, ഫാം ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം എന്നിവയ്ക്കുള്ള സൗകര്യമുണ്ടാകും. വൈകൂന്നേരം അഞ്ച് മുതല്‍ ആടാം പാടാം എന്ന പേരില്‍ കലാപരിപാടികളും അരങ്ങേറും. നാടന്‍ രുചികൂട്ടുകളുമായി കുടുംബശ്രീയുടെ ഭക്ഷണശാലകളും പ്രവര്‍ത്തിക്കും. ഞീഴൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആദ്യ ടൂറിസം ഫെസ്റ്റാണിത്. വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകലാ ദിലീപും വൈസ് പ്രസിഡന്റ് കെ.പി. ദേവദാസും കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തോടിനോടു ചേര്‍ന്നുള്ള തുരുത്തിപ്പള്ളി ചിറയിലാണ് ടൂറിസം ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്. തുരുത്തിപ്പള്ളി ചിറയില്‍ എത്തുന്നവര്‍ക്ക് ഭൂതപാണ്ഡന്‍ ചിറ, മാനാടിമല, മരിയമല ആശ്രമം, തേവര്‍ത്തുമല, തേരാടിമല, കൊട്ടതട്ടിമല, കുരങ്ങാട്ടുനിരപ്പ് എന്നീ പ്രദേശങ്ങളിലൂടെയും സഞ്ചരിക്കാനാകും. മുന്‍ പ്രസിഡന്റുമാരായ പി.ആര്‍. സുഷമ്മയും ശ്രീലേഖ മണിലാലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments