ഏറ്റുമാനൂര്‍ SMSM പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പെണ്‍മ 2024 വനിതാസംഗമം നടന്നു. ആധുനിക സമൂഹ നിര്‍മ്മിതിയില്‍ വനിതകളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച വനിതാ സംഗമം ജസ്റ്റിസ് നഗരേഷ് ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണ രംഗത്ത് ശക്തമായ മുന്നേറ്റങ്ങളുണ്ടായതായും ജുഡീഷ്യറിയിലും ഉന്നത വിദ്യാഭ്യാസ രംഗത്തുമടക്കം സമസ്ത മേഖലകളിലും വലിയ മുന്നേറ്റത്തിന് വനിതകള്‍ക്ക് കഴിഞ്ഞതായും ഹൈക്കോടതി ജസ്റ്റിസ് എന്‍. നഗരേഷ് പറഞ്ഞു.ലൈബ്രറി പ്രസിഡന്റ് ജി.പ്രകാശ് അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ഡി.ബി കോളേജ് ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ: കെ.എസ്. ഇന്ദു വിഷയാവതരണം നടത്തി.സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. കെ. ബിന്ദു പ്രഭാഷണം നടത്തി .വനം വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതിക സുഭാഷ് സമാപന സന്ദേശം നല്‍കി. ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് ജേതാവ് വി.എസ്. ഷീലാറാണി ഉള്‍പ്പടെ, വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച 33 വനിതകളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് ലൈബ്രറി മ്യൂസിക്ക് ക്ലബ്ബിലെ വനിതകള്‍ അവതരിപ്പിച്ച ഗാനമേളയും വിവിധ കലാപരിപടികളും അരങ്ങേറി. ലൈബ്രറി സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയില്‍ , വനിതാ വേദി ചെയര്‍പേഴ്‌സണ്‍ അംബിക രാജീവ്, ജനറല്‍ കണ്‍വീനര്‍ ഡോ. വിദ്യ ആര്‍ പണിക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments