സഫലം 55 പ്ലസ്സിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രഭാഷണ പരമ്പരയില്‍ പ്രമുഖ എഴുത്തുകാരനും ഷിക്കാഗോ സര്‍വകലാശാലയിലെ സീനിയര്‍ സയന്റിസ്റ്റുമായ ഡോ.എതിരന്‍ കതിരവന്‍ പ്രഭാഷണം നടത്തി. കിസ്‌കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.എസ് ശശിധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.നഗരസഭാ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍,സഫലം സെക്രട്ടറി വി.എം.അബ്ദുള്ള ഖാന്‍, പി.എസ്.മധുസൂദനന്‍, രവി പാലാ, രാജേന്ദ്രന്‍ ഐ.പി.എസ്,സുഷമ രവീന്ദ്രന്‍, ബാബു കോട്ടയം എന്നിവര്‍ പ്രസംഗിച്ചു. നഗരസഭാ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍, ഡോ.എതിരന്‍ കതിരവന്‍ എന്നിവരെ പൊന്നാട അണിയിച്ച ആദരിച്ചു. മൗലികമായി ചിന്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന എതിരന്‍ കതിരവന്‍ ശാസ്ത്രീയമായ കാഴ്ചപ്പാടോടെ വിവിധ വിഷയങ്ങളെ വിലയിരുത്തുന്ന ഗ്രന്ഥങ്ങളുടെ രചനയിലൂടെയും ശ്രദ്ധേയനാണ്. ലാളിത്യവും വിനയവും മുഖമുദ്രയാക്കിയ എതിരന്‍ കതിരവന്‍ സഫലത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രമേഹം എന്ന അസുഖം നമ്മുടെ മധുര വാസനകളുമായി ഇഴചേര്‍ന്ന് എങ്ങിനെ ഒരു 'ജനകീയ' രോഗമായി പരിണമിച്ചു എന്ന് ശാസ്ത്രീയമായി വിശദീകരിച്ചു. പാലും പാല്‍ ഉല്‍പ്പന്നങ്ങളും മനുഷ്യന് അത്യന്താപേക്ഷിതമല്ല എന്ന് ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ അഭിപ്രായപ്പെട്ടതും കൗതുകകരമായി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കുമ്പോഴും തനതായ ശൈലിയില്‍ എതിരന്‍ കതിരവന്‍ നടത്തിയ പ്രഭാഷണം വിനോദവും വിജ്ഞാനവും നിറഞ്ഞതായിരുന്നു.
0 Comments