പാലായുടെ സ്വന്തം മാവേലി 32 വര്‍ഷത്തെ സേവനത്തിനു ശേഷം നഗരസഭയുടെ പടിയിറങ്ങി. പാലാ നഗരസഭയിലെ ഓണാഘോഷങ്ങളിലും സാംസ്‌കാരിക പരിപാടികളിലും സ്ഥിരമായി മാവേലി വേഷം കെട്ടി നാട്ടുകാര്‍ക്ക് സുപരിചിതനായ T.M ഷാജിയാണ് ജോലിയില്‍ നിന്നും വിരമിച്ചത്. ഓലക്കുടയും കിരീടവും ആടയാഭരണങ്ങളുമണിഞ്ഞ് കട്ടിമീശയ്ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന മന്ദഹാസവുമായി ഓണക്കാലത്ത് ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റിയിരുന്ന ഷാജി 32 വര്‍ഷമായി നഗരസഭയിലെ ജീവനക്കാരനാണ്. തുറവൂര്‍ സ്വദേശിയായ ഷാജി റോഡ് റോളര്‍ ഡ്രൈവറായാണ് നഗരസഭയിലെത്തുന്നത്. താത്കാലിക ജീവനക്കാരനായി ജോലി തുടങ്ങിയ ഷാജിയ്ക് പിന്നീട് സ്ഥിരം നിയമനം ലഭിച്ചു. ബെറ്റി ഷാജു ചെയര്‍പേഴ്‌സണായിരുന്നപ്പോള്‍ സ്ഥിരനിയമനം ലഭിച്ച ഷാജി, ഷാജു തുരുത്തന്‍ ചെയര്‍മാന്‍ സ്ഥാനത്തിരിക്കുമ്പോഴാണ് നഗരസഭയില്‍ നിന്നും വിരമിക്കുന്നത്.. ഓണക്കാലത്ത് പാലായില്‍ മാത്രമല്ല തൃപ്പൂണിത്തുറ അത്തച്ചമയത്തിലടക്കം നിരവധി വേദികളില്‍ ഷാജി മാവേലിയായി എത്താറുണ്ട്. തുറവൂര്‍ കലാസംഘത്തിനുവേണ്ടി ആദ്യമായി മാവേലി വേഷം കെട്ടിയ ഷാജിയ്ക്ക് അഖില കേരള മാവേലിമന്നന്‍ മത്സരത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. മാവേലിയെ ക്കുറിച്ച് ജനമനസ്സുകളിലുള്ള രൂപഭാവങ്ങള്‍ വേഷപ്പകര്‍ച്ചയിലൂടെയും അംഗവിക്ഷേപങ്ങളിലൂടെയും അവതരിപ്പിച്ച് അംഗീകാരവും അഭിനന്ദനങ്ങളും നേടാന്‍ കഴിഞ്ഞത് ഏറെ സന്തോഷത്തോടെയാണ് ഷാജി ഓര്‍ക്കുന്നത്. പാലാക്കാരുടെ മനസ്സില്‍ മാവേലിയായി സ്ഥാനം പിടിച്ച ഷാജി 32 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുമ്പോള്‍ നഗരസഭാ കൗണ്‍സിലര്‍ മാരും ജീവനക്കാരും ചേര്‍ന്ന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. മുനിസിപ്പല്‍, ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പു സമ്മേളനത്തില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, നഗരസഭാംഗങ്ങള്‍ ജീവനക്കാരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments