പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ആരംഭിക്കുന്നു. കാന്‍സര്‍ ചികിത്സയിലെ ഏറ്റവും നൂതന സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീര്‍വാദ കര്‍മ്മം മാര്‍ച്ച് 21 വെള്ളിയാഴ്ച 3 മണിക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വ്വഹിക്കും. മാര്‍ സ്ലീവാ മെഡിസിറ്റി സ്ഥാപകനും പാല രൂപത ബിഷപ്പുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. 5 വര്‍ഷം മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ രാജ്യാന്തര നിലവാരമുള്ള കാന്‍സര്‍ ചികിത്സ കേന്ദ്രത്തിനാണ് തുടക്കം കുറിക്കുന്നതെന്നു ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ പറഞ്ഞു. എന്‍.എ.ബി.എച്ച് അക്രഡിറ്റേഷനുള്ള മാര്‍ സ്ലീവാ മെഡിസിറ്റി നിലവില്‍ 650 കിടക്കകളും 45 ചികിത്സ വിഭാഗങ്ങളുമുള്ള ആതുരശുശ്രൂഷ കേന്ദ്രമാണ്. നിലവില്‍ മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളുള്ള ആശുപത്രിയില്‍ കീമോതെറാപ്പി ഉള്‍പ്പെടെ വിവിധ ചികിത്സകളും വിവിധ കാന്‍സര്‍ ശസ്ത്രക്രിയകളും നടന്നു വരുന്നുണ്ട്. കാന്‍സര്‍ രോഗം ബാധിച്ചവരെയും രോഗം ഭേദപ്പെട്ടവരെയും ഉള്‍പ്പെടുത്തി കാന്‍ഹെല്‍പ് എന്ന കൂട്ടായ്മയും ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
0 Comments