MC റോഡില്‍ ഏറ്റുമാനൂരിന് സമീപം 101 കവലയില്‍ പ്രവര്‍ത്തിക്കുന്ന വാഹന സര്‍വീസ് സെന്ററില്‍ ഉണ്ടായ അഗ്‌നി ബാധയില്‍ 6 വാഹനങ്ങള്‍ കത്തിനശിച്ചു. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് പാറോലിക്കല്‍ കവലയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന മൈ മെക്കാനിക് സര്‍വീസ് സെന്ററില്‍ വന്‍ അഗ്‌നിബാധ ഉണ്ടായത്. സര്‍വീസിംഗ് സെന്ററില്‍ വീപ്പയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന മാലിന്യങ്ങളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സംശയിക്കുന്നത്. മറ്റു വാഹനങ്ങളിലേക്കും തീ പടരുകയായിരുന്നു. കത്തി നശിച്ച വാഹനങ്ങളില്‍ സര്‍ക്കാര്‍ വാഹനങ്ങളും സ്വകാര്യ സ്‌കൂള്‍ വാഹനങ്ങളും ഉള്‍പ്പെടുന്നു. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസിയാണ് യഥാസമയം അഗ്‌നിരക്ഷാസേയും പോലീസിനെയും വിവരം അറിയിച്ചത്. ഇത് മൂലം കൃത്യസമയത്ത് തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുവാന്‍ ഫയര്‍ഫോഴ്‌സിന് കഴിഞ്ഞു. കോട്ടയത്തു നിന്നും എത്തിയ അഗ്‌നിരക്ഷ സേനയുടെ മൂന്ന് യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്റ്റേഷന്‍ ഓഫീസര്‍ വിഷ്ണു മധു, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി.കെ. അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് 13 അംഗ അഗ്‌നിരക്ഷ യൂണിറ്റ് തീ അണക്കാന്‍ പരിശ്രമം നടത്തിയത്.
0 Comments