ദുഃഖവെള്ളിയാഴ്ച പാലാ ടൗണില്‍ ളാലം പഴയ പള്ളിയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടക്കും. പുണ്യശ്ലോകനായ ഫാ.ഏബ്രഹാം കൈപ്പന്‍പ്ലാക്കലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 66-ാമത് കുരിശിന്റെ വഴിയും ഈശോയുടെ കബറടക്കരൂപം വഹിച്ചുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവുമാണ് നടക്കുന്നത്. ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളി ക്രോസ് കോളേജ് പ്രിന്‍സിപ്പല്‍ റവ.ഫാ സെബാസ്‌റ്യന്‍ തോണിക്കുഴി മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കും . ഉച്ചകഴിഞ്ഞ് 2.30 ന് അര്‍ണോസ് പാതിരി രചിച്ച പുത്തന്‍പാനയുടെ 12-ാം പാദ വായനയ്ക്കു ശേഷമാണ് കുരിശിന്റെ വഴി ആരംഭിക്കുന്നത്. പട്ടണം പൂര്‍ണമായി ചുറ്റിയുള്ള കുരിശിന്റെ വഴിയില്‍ ആയിരങ്ങള്‍ പങ്കെടുക്കും. ളാലം പഴയ പള്ളിയില്‍ നിന്നും പുത്തന്‍പള്ളിക്കുന്ന് ഇറങ്ങി കൊട്ടാരമറ്റം വഴി ബിഷപ്‌സ് ഹൗസിനു മുന്‍പിലൂടെ കുരിശുപള്ളി, മഹാറാണി ജംക്ഷന്‍, കിഴതടിയൂര്‍ ജംക്ഷന്‍ വഴികളിലൂടെ സമാന്തര റോഡ് വഴി തിരികെ പള്ളിയിലെത്തി സമാപിക്കും. പള്ളിയുടെ പരിസരത്ത് നടത്തിയിരുന്ന പ്രസിദ്ധമായ പങ്കപ്പാട് ദൃശ്യാവിഷ്‌കരണം നിറുത്തിയാണ് നഗരി കാണിക്കല്‍ കുരിശിന്റെ വഴി ആരംഭിച്ചത്. ദുഃഖവെള്ളിയാഴ്ച നടത്തുന്ന കുരിശിന്റെ വഴിയില്‍ പുഷ്പാലംകൃതമായ വാഹനത്തില്‍ മിശിഹായുടെ കബറടക്ക തിരുസ്വരൂപം സംവഹിക്കും. കുരിശിന്റെ വഴിയുടെ സമാപനത്തില്‍ നേര്‍ച്ചക്കഞ്ഞി വിതരണം ചെയ്യും. ഓശാന ഞായറാഴ്ച രാവിലെ 5.30 നുളള വി.കുര്‍ബാനക്കു ശേഷം ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങളും പ്രദിക്ഷണവും നടക്കും. ഞായറാഴ്ച വൈകുന്നേരം മുതല്‍ വാര്‍ഷിക ധ്യാനം നടക്കും. ധ്യാനത്തിന് രൂപതാ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ റവ.ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍ നേതൃത്വം നല്‍കും. തിരുക്കര്‍മങ്ങള്‍ക്കും കുരിശിന്റെ വഴിയ്ക്കും വികാരി ഫാ.ജോസഫ് തടത്തില്‍, പാസ്റ്ററല്‍ അസി. ഫാ.ജോസഫ് ആലഞ്ചേരില്‍, സഹവികാരിമാരായ ഫാ.സ്‌കറിയ മേനാംപറമ്പില്‍, ഫാ.ആന്റണി നങ്ങാപറമ്പില്‍ കൈക്കാരന്മാരായ ജോമോന്‍ വേലിക്കകത്ത്, പ്രൊഫ.തങ്കച്ചന്‍ മാത്യു, മാണി കുന്നംകോട്ട്, ടോം ഞാവള്ളി തെക്കേല്‍, കണ്‍വീനര്‍മാരായ രാജേഷ് പാറയില്‍, ലിജോ ആനിത്തോട്ടം എന്നിവര്‍ നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ വികാരി.ഫാ ജോസഫ് തടത്തില്‍, പാസ്റ്ററല്‍ അസി.ഫാ.ജോസഫ് ആലഞ്ചേരില്‍, സഹവികാരി ഫാ.ആന്റണി നങ്ങാപറമ്പില്‍ കണ്‍വീനര്‍മാരായ രാജേഷ് പാറയില്‍, ലിജോ ആനിത്തോട്ടം എന്നിവര്‍ പങ്കെടുത്തു.
0 Comments