മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. കേരളത്തില്‍ 333 ആയിരുന്ന ദിവസവേതനം 346 രൂപയായി ഉയരും. വിവിധ സംസ്ഥാനങ്ങളില്‍ മൂന്ന് മുതല്‍ 10 ശതമാനം വരെയാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഗ്രാമീണ വികസന മന്ത്രാലയം അനുമതി തേടിയിരുന്നു. പുതുക്കിയ നിരക്ക് പ്രഖ്യാപിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ അനുമതി നല്കുകയായിരുന്നു. 2023 മാര്‍ച്ച് 24 ആയിരുന്നു ഇതിനു മുമ്പ് നിരക്ക് വര്‍ധിപ്പിച്ചത്. അന്ന് രണ്ട് ശതമാനം മുതല്‍ 10 ശതമാനം വരെയായിരുന്നു വര്‍ദ്ധനവ്. ഈ വര്‍ഷം ആദ്യം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ ലഭിക്കുന്ന കൂലി ഉയര്‍ന്ന ജീവിത നിലവാരം അനുസരിച്ചുള്ളതല്ലെന്നും വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കുന്ന മിനിമം കൂലി 375 ആയി നിജപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് കേന്ദ്ര ബജറ്റില്‍ 86,000 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്.
0 Comments