ബാര്‍ ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വേളൂര്‍ പുളിനാക്കല്‍ ഭാഗത്ത് നടുത്തര വീട്ടില്‍ മത്തി ശ്യാം എന്ന് വിളിക്കുന്ന ശ്യാം രാജ് (28), വേളൂര്‍ പുളിക്കമറ്റം ഭാഗത്ത് വാഴേപ്പറമ്പില്‍ വീട്ടില്‍ ഉണ്ണിക്കുട്ടന് എന്ന് വിളിക്കുന്ന ആദര്‍ശ് (24), വേളൂര്‍ പതിനാറില്‍ചിറ ഭാഗത്ത് കാരക്കാട്ടില്‍ വീട്ടില്‍ ഏബല്‍ ജോണ്‍ (21), തിരുവാര്‍പ്പ് കാഞ്ഞിരം ഷാപ്പുംപടി ഭാഗത്ത് പള്ളത്തുശ്ശേരില്‍ വീട്ടില്‍ ജെബിന് ജോസഫ് (27) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്ന് കോട്ടയം ടിബി റോഡ് ഭാഗത്തുള്ള ബാറിലെ ജീവനക്കാരനായ പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം ഭാഗത്ത് പൊട്ടന്മല ലക്ഷംവീട്ടില്‍ സുരേഷ് എം (50) എന്നയാളെ കരിങ്കല്ലിന്റെ കഷണം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇരുപതാം തീയതി വൈകിട്ടോടുകൂടി കോട്ടയം ടിബി റോഡ് ഭാഗത്തുള്ള ജോയ്സ് ബാറില്‍ ശ്യാം രാജും, ആദര്‍ഷും ഇരുന്ന മദ്യപിക്കുകയും തുടര്‍ന്ന് പുകവലിക്കുന്നത് കണ്ട് ഇവിടിരുന്ന് വലിക്കരുതെന്നു പറഞ്ഞ ബാര്‍ ജീവനക്കാരായ സുരേഷും മറ്റും ഇങ്ങനെ പറഞ്ഞതിലുള്ള വിരോധം മൂലം യുവാക്കള്‍ ഇവരുടെ സുഹൃത്തുക്കള്‍ ആയ ഏബലിനെയും, ജെബിനെയും വിളിച്ചു വരുത്തുകയും, തുടര്‍ന്ന് രാത്രി 10.45 മണിയോടുകൂടി ബാറിന്റെ മുന്‍വശം വെച്ച് ഇവര്‍ സംഘം ചേര്‍ന്ന് ബാര്‍ ജീവനക്കാരനായ സുരേഷിനെയും മറ്റും ചീത്ത വിളിക്കുകയും കയ്യില്‍ കരുതിയിരുന്ന കരിങ്കല്ല് കഷ്ണം ഉപയോഗിച്ച് സുരേഷിനെ എറിയുകയുമായിരുന്നു. തുടര്‍ന്ന് തലയ്ക്ക് പിറകില്‍ മാരകമായി പരിക്ക് പറ്റിയ ഇയാളെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയും, വെളുപ്പിന് നാലുമണിയോടുകൂടി മരണപ്പെടുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് ചെയ്യുകയും ഇവരെ നാലു പേരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. വെസ്റ്റ് സ്റ്റേഷന് എസ്.എച്ച്.ഓ ശ്രീകുമാര്‍ എം, എസ്.ഐ റിന്‍സ് എം തോമസ്, രാജേഷ് കെ, എ.എസ്.ഐ സജി ജോസഫ്, സി.പി.ഓ മാരായ വിജേഷ് കുമാര്‍, സിനൂപ്, രാജീവ് കുമാര്‍ കെ.എന്‍, അനീഷ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
0 Comments