ഓണ്‍ലൈന്‍ വഴി ലോണ്‍ തരപ്പെടുത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്നും ഒരുലക്ഷത്തില്‍പരം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാവൂര്‍ മാണിക്കപ്പറമ്പത്ത് മുഹമ്മദ് അര്‍ഷാദ് (21), മലപ്പുറം കൊണ്ടോട്ടി കുട്ടറയില്‍ മുഹമ്മദ് ഷെരീഫ് (20) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലാ സ്വദേശിനിയായ വീട്ടമ്മ കഴിഞ്ഞ മാസം തന്റെ ഫേസ്ബുക്കില്‍ കണ്ട ലോണ്‍ ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും, തുടര്‍ന്ന് ഈ ആപ്ലിക്കേഷന്റെ വാട്‌സ്ആപ്പ് നമ്പര്‍ മുഖാന്തരം വീട്ടമ്മയെ ബന്ധപ്പെടുകയും, വീട്ടമ്മ രണ്ടര ലക്ഷം രൂപ ലോണിന് അപേക്ഷിക്കുകയുമായിരുന്നു. അടുത്ത ദിവസം ലോണ്‍ അനുവദിച്ചിട്ടുണ്ടെന്നും ഒ.ടി.പി നമ്പര്‍ പറഞ്ഞു നല്‍കിയാല്‍ പണം അക്കൌണ്ടില്‍ വരുമെന്ന് പറഞ്ഞതനുസരിച്ച് വിശ്വസിച്ച വീട്ടമ്മ തന്റെ ഫോണില്‍ വന്ന ഒ.ടി.പി നമ്പര്‍ ഇവര്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. ഇതോടെ വീട്ടമ്മയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന ഒരു ലക്ഷത്തി പതിനെണ്ണായിരം രൂപ നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സൈബര്‍ സംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും പണം ഇവരുടെ അക്കൗണ്ടിലേക്ക് പോയതായി കണ്ടെത്തുകയും, തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷന്‍ എസ്.എച്ച്. ഓ ജോബിന്‍ ആന്റണി, എസ്.ഐ സാലു പി.ബി, സി.പി.ഓ മാരായ ശ്യാം ലാല്‍, അരുണ്‍കുമാര്‍, രഞ്ജിത്ത്. സി, എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
0 Comments