പെസഹാ വ്യാഴാഴ്ച പാലാ KSRTC 17 സര്‍വ്വീസുകള്‍ മുടക്കിയതായി ആക്ഷേപം. പാലാ ഡിപ്പോയില്‍ നിന്നുള്ള 17 സര്‍വ്വീസുകള്‍ മുന്നറിയിപ്പില്ലാതെ യാത്ര റദ്ദാക്കിയത് യാത്രക്കാര്‍ക്ക് വിനയായി. സര്‍വ്വീസിന് തയ്യാറായി രാവിലെ ജീവനക്കാര്‍ ഡിപ്പോയില്‍ എത്തിയപ്പോഴാണ് പ്രഭാത സര്‍വ്വീസുകള്‍ ഉള്‍പ്പെടെ 17 സര്‍വ്വീസുകള്‍ റദ്ദു ചെയ്ത വിവരം അറിയുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകളും ചെയിന്‍ സര്‍വ്വീസുകളും ഉള്‍പ്പെടെയുള്ളവയാണ് റദ്ദു ചെയ്യപ്പെട്ടത്. കാരണം വ്യക്തമാക്കാതെയാണ് സര്‍വ്വീസ് ക്യാന്‍സലേഷന്‍ നടപ്പാക്കിയിരിക്കുന്നത്. അതിരാവിലെ മുതല്‍ ബസ് സ്റ്റേഷനിലെത്തിയ യാത്രക്കാര്‍ വലഞ്ഞു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മാനന്തവാടി എറണാകുളം, തൃശൂര്‍ സര്‍വ്വീസുകളും മുടക്കി. തൃശൂര്‍ ഭാഗത്തേയ്ക്കുള്ളവര്‍ എം.സി. റോഡിലേക്കുള്ള സ്വകാര്യ ബസുകളെ ആശ്രയിച്ച് ഏറ്റുമാനൂര്‍, കുറവിലങ്ങാട്, കൂത്താട്ടുകുളം ഭാഗത്തേക്ക് യാത്ര ചെയ്ത് യാത്രാവശ്യങ്ങള്‍ നിറവേറ്റി. കോട്ടയം -തൊടുപുഴ ചെയിന്‍ സര്‍വ്വീസില്‍ ഉണ്ടായ ക്യാന്‍സലേഷന്‍ യാത്രക്കാരെ വളരെ കഷ്ടപ്പെടുത്തി. വൈക്കം, മുണ്ടക്കയം ചെയിന്‍ സര്‍വ്വീസുകളും മുടക്കി. വരും ദിവസങ്ങള്‍ അവധിയായതിനാല്‍ കുട്ടികളുമായി യാത്രയ്ക്ക് എത്തിയവരും നന്നേ വലഞ്ഞു. പെസഹാ ദിനത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തിയവരും ബാങ്കുകള്‍, ആശുപത്രികള്‍, വൈദ്യുതി, ജലവിതരണ ഓഫീസുകള്‍ എന്നിവിടങ്ങളിലെത്തിയവര്‍ക്കും ബസ്സുകള്‍ കുറഞ്ഞതു ദുരിതമായി. പതിനേഴില്‍പരം സ്ഥിരം സര്‍വ്വീസുകള്‍ റദ്ദാക്കി യാത്രക്കാര്‍ക്ക് യാത്രാ ദുരിതം സമ്മാനിച്ച അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ആര്‍.ടി ഉപദേശക സമിതി അംഗം ജയ്‌സണ്‍ മാന്തോട്ടം ആവശ്യപ്പെട്ടു. വന്‍ വരുമാന നഷ്ടമാണ് ഡിപ്പോയ്ക്ക് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
0 Comments