പാലാ സെന്റ് തോമസ് കോളേജ് മലയാള വിഭാഗത്തിന്റെ അഭിമുഖ്യത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി-അദ്ധ്യാപക സംഗമം നടന്നു. ദീപ്തവും സുന്ദരവുമായ കലാലയ ജീവിതസ്മരണകളുമായി സംഘടിപ്പിച്ച ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം കുടുംബസംഗമത്തില്‍ മുന്നൂറിലധികം പൂര്‍വ്വവിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു. 1950-ല്‍ ഉപഭാഷാപഠനത്തിനായി ആരംഭിച്ച മലയാളവിഭാഗം 1957-ല്‍ മലയാളം ബിരുദവും 1995-ല്‍ എം.എ. ബിരുദവും റിസേര്‍ച്ച് വിഭാഗവുമായി പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്നു. 1950-ല്‍ ആദ്യ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച റവ. ഫാ .ജോണ്‍ മറ്റം മുതല്‍ 2024 മെയ് മാസം ഔദ്യോഗികമായി ജോലിയില്‍ നിന്ന് പിരിയുന്ന ഡോ. ഡേവിസ് സേവ്യര്‍ വരെയുള്ള പത്തൊന്‍പത് അദ്ധ്യാപകരെയും യോഗത്തില്‍ സ്മരിച്ചത് നവ്യാനുഭവമായി. യോഗത്തില്‍ പങ്കെടുത്ത പത്ത് പൂര്‍വാദ്ധ്യാപകര്‍ക്ക് ഭാരതീയ പാരമ്പര്യമനുസരിച്ച് ഗുരുപൂജയര്‍പ്പിച്ച് ആദരിച്ചു. കുട്ടികളോടും കുടുംബാംഗങ്ങളോടും, സുഹൃത്തുക്കളോടുമൊപ്പമെത്തിയ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് സംഗമം മറക്കാനാവാത്ത അനുഭവമായി. തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചും കലാലയ മുറ്റത്ത് ഒരിക്കല്‍ കൂടി സൗഹൃദങ്ങളെ ദൃഢമാക്കിയാണ് എല്ലാവരും പിരിഞ്ഞത്. വിശാലമായ വിണ്ണിന്റെയും ഓര്‍മ്മകളുറങ്ങുന്ന മണ്ണിന്റെയും സുഗന്ധം നുകരുവാന്‍ ഇനിയുമെത്തിച്ചേരുമെന്ന് പറഞ്ഞാണ് എല്ലാവരും പിരിഞ്ഞത്. ഈ വര്‍ഷം ഔദ്യോഗികമായി അദ്ധ്യാപന ജീവിതത്തോട് വിടപറയുന്ന പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ജയിംസ് ജോണ്‍ മംഗലത്തിനും വൈസ് പ്രിന്‍സിപ്പലും മലയാളവിഭാഗം മേധാവിയുമായ പ്രൊഫ. ഡോ. ഡേവിസ് സേവ്യറിനും മൊമെന്റോയും പാരിതോഷികങ്ങളും നല്‍കി ആദരിച്ചു . ഗുരുപൂജയായി പൂര്‍വവിദ്യാര്‍ത്ഥികളായ അരുണ്‍ പനമറ്റവും, വിഷ്ണുപ്രസാദും ചേര്‍ന്ന് സ്വയം ചിട്ടപ്പെടുത്തി അവതരിപ്പിച്ച ഫ്യൂഷന്‍ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി.
0 Comments