നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസിന്റെ പിടിയിലായി. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പില്‍ വീട്ടില്‍ കുഞ്ഞുമോള്‍ എന്ന് വിളിക്കുന്ന ഓമന (57) എന്നയാളെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ 2004 ല്‍ തന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് പൊന്‍കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ 18 വര്‍ഷത്തോളമായി തമിഴ്‌നാട്ടിലെ തിരുപ്പതിയിലും മറ്റുമായി കഴിഞ്ഞുവരികയായിരുന്നു. ഇത്തരത്തില്‍ വിവിധ കേസുകളില്‍ കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞു വരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ശക്തമായ തിരച്ചിലാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്. പൊന്‍കുന്നം സ്റ്റേഷന്‍ എസ്.എച്ച്.ഓ ദിലീഷ് ടി, എസ്.ഐ മാരായ മാഹിന്‍ സലിം, ദിലീപ് കുമാര്‍, സി.പി.ഓ മാരായ പ്രിയ എം.ജി , കിരണ്‍ കര്‍ത്ത എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു
0 Comments