ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള കൊഴുവനാല്‍, മുത്തോലി പഞ്ചായത്തുകളിലായി രണ്ട് ഇന്‍ഡോര്‍ ബാഡ്മിന്റന്‍ കോര്‍ട്ടുകള്‍ യാഥാര്‍ത്ഥ്യമാകുന്നു. കൊഴുവനാല്‍ പഞ്ചായത്തിലെ തോടനാലില്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ചാണ് പഞ്ചായത്തുവക സ്ഥലത്ത് അന്തര്‍ദേശീയ നിലവാരമുള്ള ഇന്‍ഡോര്‍ ബാഡ്മിന്റന്‍ കോര്‍ട്ട് പൂര്‍ത്തീകരിച്ചത്. നൂറ് പേര്‍ക്കുള്ള ഇരിപ്പിടവും ക്രമീകരിച്ചിട്ടുണ്ട്. ബാഡ്മിന്റന്‍ വേള്‍ഡ് ഫെഡറേഷന്‍ അംഗീകരിച്ചിട്ടുള്ള പി.വി.സി. വിനൈല്‍ മാറ്റാണ് കോര്‍ട്ടില്‍ വിരിച്ചിട്ടുള്ളത്. കളിക്കാര്‍ക്കുള്ള വിശ്രമസ്ഥലവും ശുചിമുറികളും ഇതിനോടനുബന്ധമായി നിര്‍മ്മിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ബാഡ്മിന്റന്‍ കോര്‍ട്ടാണ് തോടനാല്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ളത്. കൊഴുവനാല്‍ പഞ്ചായത്തിലെ ആദ്യത്തെ ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ടാണിത്. കോര്‍ട്ടിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഷട്ടില്‍ ക്ലബ് രൂപീകരിക്കുന്നതും കൊഴുവനാല്‍ പഞ്ചായത്ത് പ്രദേശത്തുള്ളവര്‍ക്ക് പകല്‍സമയങ്ങളിലും വൈകുന്നേരങ്ങളിലും ഷട്ടില്‍ കളിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതുമാണ്. ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്‍ പരിധിയിലുള്ള മറ്റ് പഞ്ചായത്തുകളിലും സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് യുവജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനപ്രദമായ ഇന്‍ഡോര്‍ ബാഡ്മിന്റന്‍ കോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു. പുലിയന്നൂര്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ കോമ്പൗണ്ടിലാണ് മുത്തോലി പഞ്ചായത്തിലെ ഇന്‍ഡോര്‍ ബാഡ്മിന്റന്‍ കോര്‍ട്ട്. ഈ കോര്‍ട്ടിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നേരത്തെ നടത്തിയിരുന്നു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ച് ഇപ്പോള്‍ പൂര്‍ത്തീകരിക്കുന്നത്. കളിക്കാര്‍ക്കും കാണികള്‍ക്കുമുള്ള ഇരിപ്പിടം, മേല്‍ക്കൂര പൂര്‍ത്തീകരിക്കല്‍, കളിക്കളം പൂര്‍ത്തീകരിക്കല്‍, ബാഡ്മിന്റന്‍ വേള്‍ഡ് ഫെഡറേഷന്‍ അംഗീകരിച്ചിട്ടുള്ള പി.വി.സി. വിനൈല്‍മാറ്റ് വിരിക്കല്‍ എന്നിവയാണ് ജില്ലാ പഞ്ചായത്ത് തുക ഉപയോഗിച്ച് നടപ്പാക്കുന്നത്.
0 Comments