വേദഗിരിയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ടെക്‌സ്‌റ്റൈല്‍സിന്റെ പ്രവര്‍ത്തനം നിശ്ചലമാകുന്നു. തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയിട്ട് രണ്ടുമാസം കഴിഞ്ഞു. കഴിഞ്ഞ ഡിസംബര്‍ മാസത്തെ ശമ്പളം പോലുംപൂര്‍ണമായി നല്‍കുവാന്‍ കഴിഞ്ഞിട്ടില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. മില്ലിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധ സമരത്തിന് തയ്യാറെടുക്കുകയാണ്. കോട്ടയം ടെക്‌സറ്റൈല്‍സിന്റെ പ്രവര്‍ത്തനം മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച തുടര്‍ന്ന് ജോബ് കണ്‍വെന്‍ഷന്‍ മെത്തേഡ് നടപ്പിലാക്കുകയും സ്വകാര്യ സ്ഥാപനത്തിന് സ്ഥാപനത്തിന്റെ നടത്തിപ്പ് പരീക്ഷണ അടിസ്ഥാനത്തില്‍ വിട്ടു നല്‍കുകയും ചെയ്തിരുന്നു. ഈ കാലയളവിലും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ലെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. 150 ഓളം തൊഴിലാളികളും നൂറോളം കരാര്‍ തൊഴിലാളികളും ജോലി ചെയ്തിരുന്ന സ്ഥാപനമാണ് ഇന്ന് വലിയ പ്രതിസന്ധി നേരിടുന്നത്. സ്ഥാപനത്തിന്റെ കറന്റ് ബില്‍ കുടിശ്ശിക കെഎസ്ഇബിയിലും അടയ്ക്കുവാനുണ്ട്. ശമ്പളം മുടങ്ങിയതോടെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയില്‍ ആയി. സ്ഥാപനം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെയും തൊഴിലെയും അടിയന്തര ഇടപെടലുകള്‍ വേണമെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി , കെ.ടി.യു.സി, സിഐടിയു സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംയുക്ത സമരസമിതി പ്രതിഷേധ സമരം നടത്തി. നേതാക്കളായ അജിത് കുമാര്‍ ബെന്നി ജോര്‍ജ്, കെ.സി.രാജീവ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
0 Comments