ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ നിയോജകമണ്ഡലങ്ങളില്‍ വോട്ടെടുപ്പിന് ഉപയോഗിക്കാനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി.വിഗ്നേശ്വരിയുടെ ചേംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് റാന്‍ഡ് മൈസേഷന്‍ നടന്നത്.. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് ആപ്ലിക്കേഷനായ ഇ.വി.എം. മാനേജ്‌മെന്റ് സിസ്റ്റം മുഖേനയാണ് ജില്ലയിലെ 9 നിയമസഭാനിയോജക മണ്ഡലത്തിലേയ്ക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ നടന്നത്. ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ 20 ശതമാനവും വി.വി.പാറ്റ് മെഷീനുകളുടെ 30 ശതമാനവുമാണ് ആദ്യഘട്ടത്തില്‍ റാന്‍ഡമൈസ് ചെയ്തത്. കോട്ടയം തിരുവാതില്‍ക്കലുള്ള ഇ.വി.എം. വെയര്‍ഹൗസിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലേയ്ക്കുമുള്ള വോട്ടിംഗ് മെഷീനുകള്‍ ഏപ്രില്‍ 8,9 തിയതികളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ അതത് നിയമസഭാ മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളിലേക്കു മാറ്റും. തിരുവാതില്‍ക്കലെ വെയര്‍ ഹൗസില്‍നിന്നു മാറ്റുന്ന വോട്ടിംഗ് മെഷീനുകള്‍ പാലാ മണ്ഡലത്തില്‍ പാലാ സെന്റ് വിന്‍സെന്റ് , കടുത്തുരുത്തി മണ്ഡലത്തില്‍ കുറവിലങ്ങാട് ദേവമാതാ കോളജ്, വൈക്കം മണ്ഡലത്തില്‍ വൈക്കം സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോട്ടയം മണ്ഡലത്തില്‍ കോട്ടയം എം. ഡി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുതുപ്പളളി മണ്ഡലത്തില്‍ കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ സ്ട്രോങ് റൂമുകളിലാണ് സൂക്ഷിക്കുന്നത്. വോട്ടെടുപ്പിനുശേഷം കോട്ടയം ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ നാട്ടകം ഗവ. കോളജിലെ സ്‌ട്രോങ് റൂമിലാണ് സൂക്ഷിക്കുന്നത്. യോഗത്തില്‍ തെരഞ്ഞെടുപ്പുവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.എസ്. ജയശ്രീ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments