വാഗമണ്‍ കുരിശുമലയില്‍ നാല്പതാം വെള്ളി ആചരണവും ദുഃഖവെള്ളി ആചരണവും പുതുഞായര്‍ തിരുനാളും മാര്‍ച്ച് 29, ഏപ്രില്‍ 5 , 7 തീയതികളില്‍ നടക്കുമെന്ന് വാഗമണ്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി അധികൃതര്‍ അറിയിച്ചു. 50 നോമ്പിലെ നാല്പതാം വെള്ളിയാഴ്ചയായ മാര്‍ച്ച് 22 ന് രാവിലെ 09: 00 മണിക്ക് പാലാ രൂപതയിലെ അടിവാരം, വെള്ളികുളം ഇടവകകളുടെ നേത്യത്വത്തില്‍ കുരിശിന്റെ വഴിയും തുടര്‍ന്ന് മലമുകളില്‍ ആഘോഷമായ വി. കുര്‍ബാനയും വചനസന്ദേശവും തുടര്‍ന്ന് നേര്‍ച്ച കഞ്ഞിയും ഉണ്ടായിരിക്കും. ദുഃഖവെള്ളിയാഴ്ച 1200 കിലോ അരിയുടെ നേര്‍ച്ചകഞ്ഞിയാണ് തയാറാക്കുന്നത്. രാവിലെ 09:00 ന് കല്ലില്ലകവല എന്ന് അറിയപ്പെടുന്ന മലയാടിവാരത്തുള്ള ദേവാലയത്തില്‍ ആരംഭിക്കും. കുരിശിന്റെ വഴിയ്ക്ക് പാലാ രൂപത വികാരി ജനറാള്‍ വെരി റവ. ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത് നേതൃത്വം നല്‍കും. ഏപ്രില്‍ 5 വെള്ളിയാഴ്ച പുതുഞായര്‍ തിരുനാളിന്ന് കൊടിയേറും. ഏപ്രില്‍ 7 പുതുഞായര്‍ ദിനത്തില്‍ മലയടിവാരത്തിലെ ദേവാലയത്തില്‍ രാവിലെ 10: 00 മണിക്ക് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ വി കുര്‍ബാന അര്‍പ്പിച്ചു വചനസന്ദേശം നല്‍കും.
വാഗമണ്‍ കുരിശുമലയില്‍ നിലവിലുള്ള പാര്‍ക്കിംങ് ഗ്രൗണ്ടിന് പുറമെ 5 പാര്‍ക്കിംങ് ഗ്രൗണ്ടുകള്‍ക്കൂടി തയ്യാറായതായും ഭാരവാഹികള്‍ അറിയിച്ചു. തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യങ്ങളില്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ കുരിശുമലയില്‍ നിന്നും വാഹനങ്ങള്‍ തിരിച്ചു വിടുന്നത് കുരിശുമല - കൂപ്പ്-കോലാഹലമേട് വഴിയായിരിക്കും. ബസുകളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ വഴിക്കടവില്‍നിന്നും കാല്‍ നടയായോ, ചെറു വാഹനങ്ങളെ ആശ്രയിച്ചോ എത്തണം. കട്ടപ്പന, ഈരാറ്റുപേട്ട, പാലാ, മൂലമറ്റം ഡിപ്പോകളില്‍ നിന്ന് KSRTC സ്‌പെഷ്യല്‍ സര്‍വ്വീസ് ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കും. നാല്‍പതാം വെള്ളി മുതല്‍ പുതുഞായര്‍ വരെ രാത്രിയില്‍ കുരിശുമല കയറുന്നതിന് ലൈറ്റ് സൗകര്യവും ഉണ്ടായിരിക്കുമെന്നും വികാരി ഫാ ആന്റണി വാഴയില്‍, കൈക്കാരന്‍മാരായ സജിം മംഗലത്ത്, സുനില്‍ താവുങ്കാട്ടില്‍, ജോയിസ് കൊച്ചുമഠത്തില്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
0 Comments