ഏറ്റുമാനൂരില്‍ പോലീസിന് നേരെ പട്ടിയെ അഴിച്ചുവിട്ട സംഭവത്തില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. വാറണ്ട് കേസിലെ പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസിന് നേരെ പട്ടിയെ അഴിച്ചുവിട്ട സംഭവത്തില്‍ ഏറ്റുമാനൂര്‍ ചിറയില്‍ വീട്ടില്‍ നിധിന്‍ സി.ബാബു (39) എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്ന ഇയാള്‍ കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി പിന്നീട് കോടതിയില്‍നിന്ന് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ഇയാളെ പിടികൂടാന്‍ എത്തിയ പോലീസിന് നേരെ വളര്‍ത്തു നായ്ക്കളെ അഴിച്ചുവിടുകയും കയ്യില്‍ കരുതിയിരുന്ന കത്തി കാണിച്ചു ഭീഷണിപെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഇവിടെ നിന്ന് കടന്നുകളയാതിരിക്കാന്‍ പോലീസ് രാത്രിയില്‍ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തുകയും കൂടുതല്‍ പോലീസെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ ഷോജോ വര്‍ഗീസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
0 Comments