മറ്റക്കര തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ബുധനാഴ്ച വൈകിട്ട് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കടിയക്കോല്‍ ശ്രീകാന്ത് നമ്പൂതിരിയും, മേല്‍ശാന്തി പയ്യന്നൂര്‍ കൃഷ്ണദാസ് നമ്പൂതിരിയും മുഖ്യകാര്‍മ്മികത്വം വഹിച്ചു. മറ്റക്കര ശ്രീക്കുട്ടന്‍ മാരാരുടെ പ്രമാണത്തില്‍ കൊടിയേറ്റ് മേളവും നടന്നു.ഏപ്രില്‍ 4 മുതല്‍ 8 വരെ രാവിലെ 9.30ന് ഉത്സവബലിയും 11 മുതല്‍ ഉത്സവബലി ദര്‍ശനവും നടക്കും. ഉത്സവത്തോട് അനുബന്ധിച്ച് ഏപ്രില്‍ 9ന് വൈകിട്ട് 6 മണി മുതല്‍ മറ്റക്കര ആലുംമൂട് പാടത്ത് പ്രഥമ തുരുത്തിപ്പളളിക്കാവ് പൂരം നടക്കും. ഗജരാജന്‍ ഗുരുവായൂര്‍ ജൂനിയര്‍ വിഷ്ണു ദേവിയുടെ തിടമ്പേറ്റും. തുടര്‍ന്ന് രാത്രി 11 ന് ക്ഷേത്രത്തില്‍ പള്ളിവേട്ട എഴുന്നെള്ളത്തും പള്ളിനായാട്ടും നടക്കും. ഏപ്രില്‍ 10ന് വൈകിട്ട് 7ന് പാതിരിമറ്റം ശ്രീമൂലസ്ഥാനത്താണ് ആറാട്ട് . ആറാട്ട് ദിവസം രാവിലെ ക്ഷേത്ര മൈതാനത്ത് പൊങ്കാല സമര്‍പ്പണം നടക്കും. ഉത്സവനാളുകളില്‍ എല്ലാ ദിവസവും ക്ഷേത്രത്തില്‍ പ്രസാദമൂട്ട് ഉണ്ടായിരിക്കും. ഉത്സവത്തിന്റെ ഭാഗമായി തിരുവരങ്ങില്‍ തിരുവാതിര, നൃത്തനൃത്ത്യങ്ങള്‍, ഭക്തിഗാനസുധ, കരോക്കെ ഗാനമേള, ഭജന്‍സ്, കരാട്ടെ പ്രദര്‍ശനം, ദേവി നൃത്തം, കൈകൊട്ടിക്കളി, കുറത്തിയാട്ടം, ആദ്ധ്യാത്മിക പ്രഭാഷണം, നൃത്തനാടകം എന്നിവയും നടക്കും.
0 Comments