കോട്ടയം തിരുനക്കര ക്ഷേത്രത്തിനു സമീപത്തുള്ള കടമുറിയില്‍ നിന്നും പണം മോഷ്ടിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പലം പ്ലാശനാല്‍ തെള്ളിയാമറ്റം ഭാഗത്ത് കാരാട്ട് വീട്ടില്‍ ശ്രീജിത്ത് കെ.എസ് (38) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ മാസം 27 ന് രാത്രി 12 മണിയോടുകൂടി തിരുനക്കര ക്ഷേത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന കടമുറിക്കുള്ളില്‍ അതിക്രമിച്ചുകയറി, അലമാരയില്‍ സൂക്ഷിച്ചിരുന്ന 8000 രൂപ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ മോഷ്ടാവിനെ തിരിച്ചറിയുകയും തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. ശ്രീജിത്തിന് ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍ ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി,തൊടുപുഴ, മുട്ടം എന്നീ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ട്. കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്. ഓ ശ്രീകുമാര്‍ എം, എസ്.ഐ മാരായ റിന്‍സ് എം.തോമസ്, ഷിനോജ് റ്റി. ആര്‍, സി.പി.ഓ മാരായ ദിലീപ് വര്‍മ്മ, രഞ്ജിത്ത്.വി, ജോബിജേക്കബ്, അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
0 Comments