Breaking...

9/recent/ticker-posts

Header Ads Widget

മൂന്നുനില കെട്ടിടം പൊളിച്ചുനീക്കാത്തതില്‍ പ്രതിഷേധമുയരുന്നു



അതിരമ്പുഴ ടൗണിലെ അപകടാവസ്ഥയിലുള്ള മൂന്നുനില കെട്ടിടം പൊളിച്ചുനീക്കാത്തതില്‍ പ്രതിഷേധമുയരുന്നു . ഇതു സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക്  പരാതി നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിച്ചതായി പ്രസിഡണ്ട് ജോസ് അമ്പലക്കുളം പറഞ്ഞു. മഴക്കാലമായതോടെ ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ് കെട്ടിടം. കെട്ടിടത്തിന്റെ അവശിഷ്ട ഭാഗങ്ങള്‍  അടിയന്തരമായി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് നിവേദനം നല്‍കിയിരുന്നു.  നടപടി ഉണ്ടാകാതിരുന്നതോടെ  പ്രതിപക്ഷത്തുള്ള പഞ്ചായത്തംഗങ്ങളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.. കെട്ടിടത്തിന്റെ അപകടാവസ്ഥയും ദുരന്ത സാധ്യതയും ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും അടിയന്തര ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയും കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന് പഞ്ചായത്ത് മെംബര്‍മാരായ ജോഷി ഇലഞ്ഞിയില്‍, ജോസ് അഞ്ജലി, സിനി ജോര്‍ജ് എന്നിവര്‍ ആരോപിച്ചു. 



കഴിഞ്ഞ ഫെബ്രുവരി 24നു നടന്ന പഞ്ചായത്തു കമ്മിറ്റിയുടെ അസാധാരണ യോഗം വിഷയം ചര്‍ച്ച ചെയ്യുകയും അപകടാവസ്ഥ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി.എന്‍. വാസവന്‍, ജില്ലാ കളക്ടര്‍, പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ എന്നിവരോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും ഇനിയും ഉണ്ടായിട്ടില്ല. അതിരമ്പുഴയില്‍ മെഡിക്കല്‍ കോളേജ് ഭാഗത്തേക്കുള്ള ബസ്റ്റോപ്പിനു പിന്നിലാണ് ഭിത്തി മാത്രമായി കെട്ടി അവശിഷ്ടം നില്‍ക്കുന്നത്. മഴ പെയ്തതോടെ കെട്ടിടം കൂടുതല്‍ ദുര്‍ബലാവസ്ഥയിലായി. കെട്ടിടത്തിന്റെ മുകളിലെ മൂടിയില്ലാത്ത വാട്ടര്‍ ടാങ്കില്‍ വെള്ളം നിറഞ്ഞാല്‍  ഭാരം താങ്ങാനാകാതെ കെട്ടിടം തകര്‍ന്നു വീഴുമെന്ന ഭയപ്പാടിലാണ് ജനം.

ജനങ്ങളുടെ ജീവന് ഭീഷണിയായിരിക്കുന്ന  കെട്ടിടം പൊളിച്ചു നീക്കാനുള്ള അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും കെട്ടിടത്തിനു മുന്നിലുള്ള ബസ് സ്റ്റോപ്പും ഓട്ടോസ്റ്റാന്‍ഡും അടിയന്തരമായി അവിടെ നിന്ന് മാറ്റണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.




Post a Comment

0 Comments