അറിവുകള്‍ സ്വീകരിക്കുന്നതിനപ്പുറം വിദ്യാര്‍ഥികളെ അറിവ് ഉത്പാദിപ്പിക്കുന്നവരാക്കി മാറ്റുന്ന സംവിധാനമാണ് ജൂലൈ ഒന്നിന് സംസ്ഥാനത്ത് ആരംഭിക്കുന്ന ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി അഫിലിയേറ്റഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുമായും നോഡല്‍ ഓഫീസര്‍മാരുമായും കോട്ടയം ബി.സി.എം കോളജില്‍ സംവദിക്കുകയായിരുന്നു മന്ത്രി. നാലാം വര്‍ഷം പൂര്‍ത്തിയാക്കി ബിരുദാനന്തര ബിരുദ കോഴ്‌സിന് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാകാത്ത രീതിയിലായിരിക്കും ക്രമീകരണം. പുതിയ സംവിധാനത്തില്‍ അധ്യാപകര്‍ക്ക് തൊഴില്‍ പരമായ പ്രതിസന്ധിയുണ്ടാകില്ല. പുതിയ കോഴ്‌സുകള്‍ അവതരിപ്പിക്കുന്നതിനുള്‍പ്പെടെയുള്ള സാധ്യതകളാണ് ഭാഷാ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ അനവധി സാധ്യതകള്‍ അവതരിപ്പിച്ച് അവര്‍ക്ക് തിരഞ്ഞെടുപ്പിന് അവസരം നല്‍കുന്ന സംവിധാനം ഊര്‍ജ്ജിതമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് അധ്യാപകരുടെ പങ്ക് വലുതാണ്. പഠനത്തിനൊപ്പം നൂതന ആശയങ്ങള്‍ വികസിപ്പിക്കുന്നതിനും അവ സംരംഭങ്ങളായി വളര്‍ത്തുന്നതിനും സഹായകമായ സാഹചര്യമുണ്ടാകണം. നൈപുണ്യ വികസനം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ എം പാനല്‍ ചെയ്ത ഏജന്‍സികളുടെ സേവനം കോളജുകള്‍ക്ക് ലഭിക്കും. ആദ്യ ഘട്ടത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ പരിഹരിക്കുന്നതിന് സര്‍വകലാശാലാ തലത്തിലും കോളജ് തലത്തിലും സംവിധാനം വേണം. അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ക്രമീകരണം സുഗമമാക്കുന്നതിന് ഏകീകൃത സോഫ്‌റ്റ്വെയര്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാല സംഘടിപ്പിച്ച പരിപാടിയില്‍ വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. ബീന മാത്യു അധ്യക്ഷത വഹിച്ചു. ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളുടെ നിര്‍വഹണ കമ്മിറ്റിയുടെ കണ്‍വീനറായ സിന്‍ഡിക്കേറ്റ് അംഗം ഡോ. ബിജു പുഷ്പന്‍ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
0 Comments