കനത്ത മഴ ഒഴിഞ്ഞെങ്കിലും ദുരിതമൊഴിയാതെ കടപ്പാട്ടൂരിലെ കുടുംബങ്ങള്‍. വെള്ളം ഇറങ്ങിപ്പോകുവാന്‍ ഇടമില്ലാത്ത വിധം നടത്തിയ റിങ് റോഡിന്റെ നിര്‍മാണമാണ് നാട്ടുകാര്‍ക്ക് വിനയാകുന്നത്. മീനച്ചിലാര്‍ കരകയറുമ്പോള്‍ ക്ഷേത്രത്തിന് സമീപത്തുള്ള പല വീടുകളിലും പുരയിടത്തിലും വെള്ളം കയറാറുണ്ട്. കടപ്പാട്ടൂര്‍ റിങ് റോഡ് പണിയുന്നതിന് മുമ്പ് മീനച്ചിലാര്‍ കരകവിയുന്ന വെള്ളം, ആറ്റിലെ ജലനിരപ്പ് താഴുമ്പോള്‍ പിന്‍വലിഞ്ഞു പോരുകയായിരുന്നു പതിവ്. എന്നാല്‍ റോഡ് നിര്‍മാണത്തിന് ശേഷം കയറിയ വെള്ളം ഇറങ്ങിപോകുവാന്‍ വഴികളില്ലാത്തതാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. കയറിയ വെള്ളം ദിവസങ്ങളോളം കെട്ടി നില്‍ക്കും. ഇത് വെയില്‍ തെളിയുമ്പോള്‍ തനിയ വറ്റിപ്പോവുക മാത്രമാണ് ഇപ്പോള്‍ പ്രതിവിധി. ഇതു മൂലം അങ്കണവാടി റോഡിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ദുരിതം തീരുവാന്‍ കാത്തിരിക്കണം. വീടിനും ചുറ്റുമുള്ള പുരിയിടത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് മൂലം നടന്നുപോകുവാന്‍ പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്. റിങ് റോഡ് നിര്‍മിച്ചപ്പോള്‍ വെള്ളം സുഗമമായി ഒഴുകുവാന്‍ കലുങ്കകളും ഓടകളും നിര്‍മിക്കാത്തതാണ് നാട്ടുകാര്‍ക്ക് വിനയാകുന്നത്.
0 Comments