മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാസംഗമവും അനുമോദനയോഗവും സംഘടിപ്പിച്ചു. 2023-24 വര്‍ഷത്തില്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിന്ന് SSLC, പ്ലസ് ടു, ബിരുദ തലങ്ങളില്‍ മികച്ച വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. സഫാരി റ്റി.വി മാനേജിംഗ് ഡയറക്ടറും ലോകസഞ്ചാരിയുമായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓരോ വിദ്യാര്‍ത്ഥിയും വ്യത്യസ്ത മേഖലകളില്‍ മികവു പുലര്‍ത്തുന്നവരാണ്. അവരവരുടെ മികവു തിരച്ചറിഞ്ഞ് പരിപോഷിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളും അവരെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കാനുള്ള ചുമതല രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുണ്ടെന്നും, സന്തോഷ് ജോര്‍ജ് പറഞ്ഞു. അഭിനന്ദന പരിപാടികള്‍ പ്രോത്സാഹനങ്ങളുടെ തുടക്കവും തുടര്‍ച്ചയുമാണ്. മുതിര്‍ന്ന കുട്ടികള്‍ പഠനത്തോടൊപ്പം തങ്ങള്‍ക്ക് പറ്റാവുന്ന ചെറിയ തൊഴിലുകള്‍ ചെയ്യുന്നത് നല്ല സംസ്‌കാരമാണ്. സര്‍ഗ്ഗാത്മകമായ കഴിവുകളെ വികസിപ്പിച്ചുകൊണ്ട് ഏത് പ്രതിസന്ധികളെയും തരണം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. ഒരു വിജയം കൊണ്ട് നിലച്ച് പോകാതെ തുടര്‍ നേട്ടങ്ങള്‍ കൊണ്ട് ജീവിതം മുഴുവനും ഉയരങ്ങളിലേക്കെത്താന്‍ ശ്രമിക്കണമെന്നും സന്തോഷ് ജോര്‍ജ്ജ് കുളങ്ങര കുട്ടികളോട് പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍ ആശംസാ സന്ദേശം നല്‍കി.. മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സി.എ സണ്ണി അദ്ധ്യക്ഷനായിരുന്നു.
0 Comments