അതിരമ്പുഴ ബ്രദേഴ്‌സ് ക്ലബ്ബും കേരള നേറ്റീവ് ബോള്‍ ഫെഡറേഷനും ചേര്‍ന്ന സംഘടിപ്പിച്ച നാടന്‍ പന്ത് കളി മത്സരത്തില്‍ കൊല്ലാട് ബോയ്‌സ് ജേതാക്കളായി. അതിരമ്പുഴയുടെ കായിക ചരിത്രത്തില്‍ വലിയ സ്ഥാനം വഹിച്ചിരുന്ന ജനകീയ കായിക വിനോദം ആയിരുന്ന നാടന്‍ പന്തുകളി മത്സരം കാണികളില്‍ ആവേശം വിതറി. അതിരമ്പുഴ, പള്ളി മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ ഫ്‌ലഡ് ലിറ്റ് കോര്‍ട്ടിലാണ് ഫൈനല്‍ മത്സരം നടന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ മീനടത്തെ പരാജയപ്പെടുത്തിയാണ് കൊല്ലാട് ബോയ്‌സ് വിജയിച്ചത്.
ജേതാക്കള്‍ക്ക് തൈപ്പറമ്പില്‍ ബേക്കേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത എവറോളിംഗ് ട്രോഫിയും 25001 രൂപ കാഷ് അവാര്‍ഡും സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ മീനടം ടീമിന് 15,001 രൂപ ക്യാഷ് അവാര്‍ഡും ദേവസ്യ മത്തായി കൊച്ചുകാട്ടല്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും സമ്മാനിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോഷി ഇലഞ്ഞിയില്‍, സിനിമാതാരം പ്രീതി ജിനോ, കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്‍ രക്ഷാധികാരി സതീഷ് വര്‍ക്കി, പ്രസിഡന്റ് സന്ദീപ് കെ.എസ്, സെക്രട്ടറി ബബിലു പി ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്ട്രീറ്റ് ഐപിഎല്‍ താരം ഹരീഷ് കുമാര്‍ ഫൈനല്‍ മത്സരം ഉദ്ഘാടനം ചെയ്തു.
0 Comments