സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ 313 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയായി. ജില്ലയില്‍ 20 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. 117 റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 269.19 കോടി രൂപയും രണ്ട് നടപ്പാലങ്ങള്‍ക്ക് 7.12 കോടി രൂപയും 19 കെട്ടിടങ്ങള്‍ക്ക് 37 കോടി രൂപയുമാണ് അനുവദിച്ചത്. റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കോട്ടയം ജില്ലയില്‍ ആകെ 19.7 കോടി രൂപ ചെലവിട്ട് എട്ട് റോഡുകളാണ് നവീകരിക്കുന്നത്. ഏറ്റുമാനൂര്‍ മണ്ഡലത്തിലെ ചീപ്പുങ്കല്‍ മണിയാപ്പറമ്പ് റോഡിന് അഞ്ചു കോടിയും കുടമാളൂര്‍- മാന്നാനം റോഡിനും അതിരമ്പുഴ- ഏറ്റുമാനൂര്‍ റോഡിനും 1.4 കോടി രൂപ വീതവും അടിച്ചിറ- മാന്നാനം റോഡിന് 90 ലക്ഷവും അനുവദിച്ചു. പുതുപ്പള്ളി മണ്ഡലത്തിലെ പുതുപ്പള്ളി- വെണ്ണിമല റോഡിനും പൂഞ്ഞാര്‍ മണ്ഡലത്തിലെ മുണ്ടക്കയം- കൂട്ടിക്കല്‍- ഏന്തയാര്‍- ഇളംകാട്- വല്യേന്ത- വാഗമണ്‍ റോഡിനും അഞ്ചു കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മണ്ഡലത്തിലെ ചാലാച്ചിറ കല്ലുകടവ് റോഡിനേയും മാലക്കുന്നം കണ്ണത്രപ്പടി റോഡിനേയും ബന്ധിപ്പിക്കുന്ന റോഡിനും ചങ്ങനാശ്ശേരി ഗവ. ഹോസ്പിറ്റല്‍ റോഡിനും 50 ലക്ഷം രൂപ വീതവും ആണ് അനുവദിച്ചിട്ടുള്ളത്.
0 Comments