മധ്യകേരളത്തില്‍ ആദ്യമായി തോള്‍സന്ധിയിലെ താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ അതിനൂതന 'ആര്‍ത്രോസ്‌കോപ്പി അസിസ്റ്റഡ് ലോവര്‍ ട്രപീസിയസ് ട്രാന്‍സ്ഫര്‍' ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി കാരിത്താസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നേട്ടം കൊയ്തു . മധ്യകേരളത്തില്‍ ആദ്യമായാണ് തോള്‍ സന്ധിയില്‍ അതിനൂതന താക്കോല്‍ ദ്വാര ശസ്ത്രക്രിയ കാരിത്താസ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. അസഹ്യമായ തോള്‍ വേദനയെ തുടര്‍ന്ന് കാരിത്താസ് ആശുപത്രിയില്‍ ചികിത്സതേടി എത്തിയ 50 വയസ്സുകാരിയ്ക്കാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. 2 വര്‍ഷം മുമ്പുണ്ടായ പരിക്കിനെ തുടര്‍ന്നായിരുന്നു ഇവര്‍ക്ക് അസഹ്യമായ തോള്‍വേദനയും കൈയ്ക്ക് ബലക്കുറവും അനുഭവപ്പെട്ടത്. കാരിത്താസ് ആശുപത്രി ഓര്‍ത്തോപീഡിക് വിഭാഗത്തിലെ ഡോ ആനന്ദ് കമരോത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ തോള്‍സന്ധിയിലെ മാംസപേശികള്‍ പൂര്‍ണമായും മുറിഞ്ഞതായും പേശികളുടെ സ്ഥിതി വളരെ മോശമായതായും കണ്ടെത്തി. ഇതേ തുടര്‍ന്ന് നൂതന താക്കോല്‍ദ്വാര ശസ്ത്രക്രിയയായ ലോവര്‍ ട്രപീസിയസ് ട്രാന്‍സ്ഫര്‍ നിര്‍ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയ നടത്തി രണ്ടാം ദിവസം തന്നെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാനും സാധിച്ചു. പഴക്കം ചെന്ന പേശികളുടെ പരിക്കുകളുടെ ചികിത്സയില്‍ പുതിയ പ്രതീക്ഷ നല്‍കുന്നതാണ് കാരിത്താസ് ആശുപത്രിയില്‍ നടത്തിയ ഈ ശസ്ത്രക്രിയയുടെ വിജയമെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. ബിനു കുന്നത്ത്പറഞ്ഞു.
0 Comments