ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷം ജൂലൈ 19 മുതല്‍ 28 വരെ നടക്കും. തിരുനാളാഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത യോഗം മാണി സി കാപ്പന്‍ MLA യുടെ അധ്യക്ഷതയില്‍ നടന്നു. അല്‍ഫോന്‍സാ ഷ്‌റൈനില്‍ ചേര്‍ന്ന യോഗത്തില്‍ പാലാ R.D.O. കെ. പി. ദീപ, D.Y.S.P കെ സദന്‍, പാലാ തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ മഞ്ജിത് ബി., S.I. ബിനു വി. എല്‍., ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഫയര്‍ഫോഴ്സ് ഓഫീസേഴ്സ്, പാലാ ജോയിന്റ് R.T.O., ഭരണങ്ങാനം പ്രൈമറി ഹെല്‍ത്ത് സെന്റര്‍, K.S.R.T.C., ഭരണങ്ങാനം വില്ലേജ്, P.W.D., വാട്ടര്‍ അതോറിറ്റി, ഫുഡ് സേഫ്റ്റി ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തീര്‍ത്ഥാടകര്‍ക്ക് സൌകര്യം ലഭ്യമാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും കൂട്ടായ പ്രവര്‍ത്തനത്തിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുമെന്ന് ആര്‍.ഡി.ഒ. കെ. പി. ദീപ അറിയിച്ചു. ജൂലൈ 27-നും പ്രധാനതിരുനാള്‍ ദിവസമായ ജൂലൈ 28-നും ഗതാഗത ക്രമീകരങ്ങള്‍, ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം, ശുദ്ധജല ലഭ്യത, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. പോലീസിന്റെ സേവനം ഉറപ്പാക്കുക, അനധികൃത വ്യാപാരം നിരോധിക്കുക, വൈദ്യസഹായം ലഭ്യമാക്കുക, ഫുഡ് സേഫ്റ്റി വകുപ്പിന്റ പരിശോധന വൈദ്യുതി സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍, കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് , എന്നിവയെക്കുറിച്ചും നിര്‍ദ്ദേശങ്ങള്‍ നല്‍കി.യോഗത്തില്‍ അല്‍ഫോന്‍സാ ഷ്‌റൈന്‍ റെക്ടര്‍ ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, ഇടവകപള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, തീര്‍ത്ഥാടനകേന്ദ്രം അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, വൈസ് റെക്ടര്‍ ഫാ. ആന്റണി തോണക്കര, സ്പിരിച്യുല്‍ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ കല്ലറക്കല്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.
0 Comments