ഓട്ടന്‍തുള്ളല്‍ കലാരംഗത്തെ ആചാര്യനായ കലാമണ്ഡലം ജനാര്‍ദ്ദനന് കലാകേരളവും ജന്മനാടും അന്ത്യാഞ്ജലികളര്‍പ്പിച്ചു. വെള്ളിയാഴ്ച അന്തരിച്ച കലാമണ്ഡലം ജനാര്‍ദ്ദനന്റെ സംസ്‌കാര ചടങ്ങുകള്‍ കുറിച്ചിത്താനത്തെ ഭക്തിവിലാസം വീട്ടുവളപ്പില്‍ നടന്നു. കേന്ദ്രസര്‍ക്കാര്‍ ഫെല്ലോഷിപ്പും കലാമണ്ഡലം തുള്ളല്‍ പുരസ്‌കാരവും കുഞ്ചന്‍ നമ്പ്യാര്‍ പുരസ്‌കാരവും നേടിയിട്ടുള്ള കലാമണ്ഡലം ജനാര്‍ദ്ദനന്‍ അവാര്‍ഡുകളെക്കാളുപരി കലയ്ക്കു വേണ്ടി ജിവിതം സമര്‍പ്പിച്ച കലാകാരന്‍ എന്ന നിലയിലാണ് ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചിരുന്നത്. പതിനായിരക്കണക്കിന് വേദികളില്‍ സ്വതസിദ്ധമായ ശൈലിയില്‍ അഭിനയത്തികവോടെ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ കലാകാരന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ ശിഷ്യരും കലാപ്രേമികളും ബന്ധുജനങ്ങളും നാട്ടുകാരും ജനപ്രതിനിധികളും വിവിധ സാംസ്‌കാരിക സംഘടനാ നേതാക്കളുമടക്കമുള്ളവര്‍ കുറിച്ചിത്താനഞ്ഞെത്തിയിരുന്നു. അദ്ദേഹത്തിന്റെ കലാമികവിനുള്ള അംഗീകാരമായി സര്‍ക്കാര്‍ ബഹുമതികളാടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ബ്യൂഗിളും ഗണ്‍ സല്യൂട്ടുമായി പോലീസ് അന്തിമാഭിവാദ്യമര്‍പ്പിച്ചു. മക്കളായ കുറിച്ചിത്താനം ജയകുമാറും സുനില്‍കുമാറും കൊച്ചുമക്കളും ചേര്‍ന്ന് സംസ്‌കാരകര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. കലാമണ്ഡലം ജനാര്‍ദ്ദനന്‍ എന്ന കലാപ്രതിഭയുടെ അഭിനയമികവും ആഹ്ലാദം പകരുന്ന നൃത്തച്ചുവടുകളും സദസ്സിനെ ഇളക്കിമറിക്കുന്ന ഹാസ്യവും മനസ്സില്‍ ഓര്‍മ്മച്ചിത്രങ്ങളായി അവശേഷിപ്പിച്ചു കൊണ്ടാണ് കലാസ്വാദകര്‍ പ്രഗത്ഭനായ കലാകാരന് യാത്രാമൊഴിയേകിയത്.
0 Comments