പാലായില്‍ മീനച്ചിലാറിനു തീരത്തെ മണ്ണിടിച്ചില്‍ ഉയര്‍ത്തുന്ന അപകട ഭീഷണിക്കെതിരെ ജാഗ്രത വേണമെന്ന് ആവശ്യമുയരുന്നു. റിവര്‍വ്യൂ റോഡില്‍ വലിയപാലത്തിന് സമീപം ഹോട്ടലിനോട് ചേര്‍ന്ന് ഇടിഞ്ഞിരിക്കുന്നത് വലിയ അപകടത്തിന് സാധ്യതയുണ്ടെന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. റിവര്‍വ്യൂ റോഡിന്റെ പുതിയ നിര്‍മ്മാണത്തോട് ചേര്‍ന്നാണ് റോഡ് ഇടിഞ്ഞിരിക്കുന്നത്. ഇവിടെ നേരത്തെ വീപ്പകള്‍ വച്ച് പി.ഡബ്ല്യു.ഡി. അധികാരികള്‍ അപകട സൂചന നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ കുറേ നാളുകളായി ഈ വീപ്പകള്‍ പോലും ഇവിടെയില്ല. വയനാട് ദുരന്തത്തില്‍പെട്ടവര്‍ക്ക് കൗണ്‍സില്‍ യോഗം അനുശോചനം രേഖപ്പെടുത്തിയ ഉടന്‍ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയാണ് പാലായിലെ ഈ ദുരന്തമുഖത്തെക്കുറിച്ച് ആദ്യം കൗണ്‍സിലിന്റെ ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്ന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പിലും വിഷയം ചൂണ്ടിക്കാട്ടി. മഴപെയ്ത് മണ്ണ് കുതിര്‍ന്നിരിക്കുന്നതും. ഒപ്പം മീനച്ചിലാറ്റിലെ വെള്ളത്തിന്റെ തള്ളല്‍ക്കൂടിയാകുമ്പോള്‍ ഏത് നിമിഷവും അപകടം ഉണ്ടാകാനുള്ള സാധ്യതയാണള്ളത്. അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണിതെന്നും ഇത് എത്രയും പെട്ടെന്ന് പി.ഡബ്ല്യു.ഡി. അധികാരികളുടെ ശ്രദ്ധയില്‍പെടുത്തി അടിയന്തിരമായി താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുമെന്നു ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കി.
0 Comments