വി. അല്‍ഫോന്‍സാമ്മയുടെ 114-ാമത് ജനനത്തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ അല്‍ഫോന്‍സിയന്‍ ശിശുദിനം ആചരിച്ചു. അല്‍ഫോന്‍സാമ്മയുടെയും മാലാഖമാരുടെയും വേഷം ധരിച്ച് കുരുന്നുകള്‍ കബറിടത്തിനു ചുറ്റും നിന്ന് പ്രാര്‍ത്ഥിച്ചു. രാവിലെ 10 മുതല്‍ 11 വരെ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള പ്രത്യേക സമര്‍പ്പണ പ്രാര്‍ത്ഥന നടത്തി. അല്‍ഫോന്‍സാ പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളേജ് അരുവിത്തുറ, സെന്റ് ലിറ്റില്‍ തെരേസ് എല്‍.പി. സ്‌കൂള്‍ ഭരണങ്ങാനം, സെന്റ് ലിറ്റില്‍ തെരേസ് നഴ്‌സറി സ്‌കൂള്‍ ഭരണങ്ങാനം എന്നിവിടങ്ങളില്‍നിന്നായി അഞ്ഞൂറോളം കുട്ടികള്‍ സമര്‍പ്പണ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. കൈവയ്പ് ശുശ്രൂഷക്ക് ഫാ. ആന്റണി തോണക്കര, ഫാ. ജെയിംസ് ചൊവ്വേലിക്കുടിയില്‍, ഫാ. സെബാസ്റ്റ്യന്‍ നടുത്തടം, ഫാ. ജോര്‍ജ് ചീരാംകുഴി എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് ഫാ. തോമസ് തോട്ടുങ്കലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും നൊവേനയും നടത്തി. വൈകുന്നേരം 5 മണിക്ക് കരൂര്‍ ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി പ്രൊഫസര്‍ ഫാ. ജോസഫ് അരിമറ്റത്തിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും നൊവേനയും നടന്നു. തുടര്‍ന്ന് ജപമാല പ്രദക്ഷിണവും നടന്നു. തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, വൈസ് റെക്ടര്‍ ഫാ. ആന്റണി തോണക്കര എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments