അതിരമ്പുഴയില്‍ 2 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ഒഡീഷ സ്വദേശി നാരായണ്‍ നായികാണ് (35) ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ അതിരമ്പുഴ ടൗണിനും എം.ജി യൂണിവേഴ്‌സിറ്റിക്കും ഇടയിലുള്ള പെട്രോള്‍ പമ്പിന് സമീപത്ത് നിന്നാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്. വില്‍പ്പനയ്ക്കായി കഞ്ചാവ് എത്തിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. 15 വര്‍ഷമായി അതിരമ്പുഴ പ്രദേശത്ത് കോണ്‍ക്രീറ്റിംഗ് ജോലികള്‍ ചെയ്തു വന്നിരുന്ന ആളാണ് പ്രതി. ഇതിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രധാനമായും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. നാട്ടില്‍ പോയി വരുമ്പോഴെല്ലാം ഇയാള്‍ കഞ്ചാവ് കൊണ്ടു വന്നിരുന്നു. ഇടപാടുകാര്‍ പണം ഗൂഗിള്‍ പേ വഴി പ്രതിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്കാണ് കൈമാറിയിരുന്നത്. കഴിഞ്ഞ ദിവസം നാട്ടില്‍ പോയ ഇയാള്‍ തിരിച്ചു വരുന്നത് അറിഞ്ഞ് പോലീസ് ഇയാള്‍ക്കായി വലവിരിച്ചിരുന്നു. ഏറ്റുമാനൂരില്‍ ട്രെയിനില്‍ എത്തിയ പ്രതി യൂണിവേഴ്‌സിറ്റി ഭാഗത്തേക്ക് വരുമ്പോഴാണ് പോലീസ് സംഘം പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് 2 കിലോ 70 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഗാന്ധി നഗര്‍ എസ്.ഐ എം.കെ അനുരാജ്, എഎസ്‌ഐ സി. സൂരജ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ അനൂപ്, രഞ്ജിത്, സജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പക്കല്‍ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വില്‍പ്പന നടത്തുന്നവരുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
0 Comments