വിദേശ ഓണ്‍ലൈന്‍ ട്രേഡിങ് കമ്പനിയുടെ ഏഷ്യയുടെ ഡയറക്ടര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മധ്യവയസ്‌കനില്‍ നിന്നും 38 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കട്ടയാട്ട്പറമ്പ് ഭാഗത്ത് പുതിയറ മാളിയേക്കല്‍ വീട്ടില്‍(ചെലവൂര്‍ പുതുക്കുടി ഭാഗത്ത് ഇപ്പോള്‍ താമസം) മുഹമ്മദ് ഇര്‍ഷാദ് (36), കോഴിക്കോട് ചെലവൂര്‍ മൂഴിക്കല്‍ കളവത്തൂര്‍ ഭാഗത്ത് ശിവം ഹൗസില്‍ വീട്ടില്‍ ലെജില്‍ കെ.പി (34) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ളാലം സ്വദേശിയായ മധ്യവയസ്‌കനെ വാട്‌സാപ്പിലൂടെ താന്‍ വിദേശ ഓണ്‍ലൈന്‍ ട്രേഡിങ് കമ്പനിയുടെ ഏഷ്യയുടെ ഡയറക്ടര്‍ ആണെന്ന് പരിചയപ്പെട്ട് ഈ കമ്പനി വഴി കൂടുതല്‍ ലാഭം ഉണ്ടാക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി ഇയാളില്‍ നിന്നും മുപ്പത്തിയേഴ് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം (37,95,000) രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് മധ്യവയസ്‌കന് ലാഭം തിരികെ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് താന്‍ കബളിക്കപെട്ടെന്ന് മനസ്സിലാവുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനകള്‍ക്കൊടുവില്‍ ഇവര്‍ ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് പണം എത്തിയതായി കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇരുവരെയും പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷന്‍ എസ്.എച്ച്. ഓ ജോബിന്‍ ആന്റണി, സി.പി.ഓ മാരായ അജയകുമാര്‍, അഖിലേഷ്, ജിജോ മോന്‍, രഞ്ജിത്, ഐസക് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.
0 Comments