ഏറ്റുമാനൂര്‍ നഗരസഭ സെക്രട്ടറി എം സുഗതകുമാറിന് സസ്പെന്‍ഷന്‍. മലപ്പുറം കോട്ടയ്ക്കല്‍ നഗരസഭാ സെക്രട്ടറിയായിരിക്കെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്റ് ചെയ്തത് . മലപ്പുറത്ത് നഗരസഭ ഭൂമിയില്‍ റോഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടുകളെക്കുറിച്ചുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഏറ്റുമാനൂര്‍ നഗരസഭ സെക്രട്ടറിയെ സസ്പെന്റ് ചെയ്ത് ഉത്തരവിട്ടത്. 2020 - 21 വര്‍ഷത്തില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ സുഗതകുമാറിന് എതിരായ നടപടിയുണ്ടായിരിക്കുന്നത്. കോട്ടയ്ക്കല്‍ നഗരസഭയില്‍ കോട്ടുകുളം എന്ന ഭാഗത്ത് ഭവനരഹിതര്‍ക്കായി നഗരസഭ വീട് നിര്‍മ്മിക്കാന്‍ സ്ഥലം നീക്കിവച്ചിരുന്നു. ഈ 74 സെന്റ് സ്ഥലത്ത് ഇതിനു സമീപത്തുള്ള സ്വകാര്യ വ്യക്തികള്‍ക്ക് ലാഭമുണ്ടാക്കി നല്‍കണമെന്ന ഉദ്ദേശത്തോടെ നഗരസഭ സെക്രട്ടറി റോഡ് നിര്‍മ്മിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഈ പരാതിയില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. ഈ കേസില്‍ ഒന്നാം പ്രതിയായ അന്നത്തെ കോട്ടയ്ക്കല്‍ നഗരസഭ സെക്രട്ടറിയും, നിലവിലെ ഏറ്റുമാനൂര്‍ നഗരസഭ സെക്രട്ടറിയുമായ എം.സുഗതകുമാര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹം സര്‍വീസില്‍ തുടരുന്നത് അന്വേഷണത്തിന് തടസമാകുമെന്ന് കണ്ടാണ് ഇപ്പോള്‍ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഇദ്ദേഹത്തെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റുമാനൂര്‍ നഗരസഭയില്‍ ജോലി ചെയ്യുന്നതിനിടയില്‍ ആരോഗ്യ വിഭാഗത്തിലും ശുചീകരണ വിഭാഗത്തിലും പെരുമാറ്റച്ചട്ടം നിലനില്‍ക്കെ നിയമനം നടത്തിയും ഇദ്ദേഹം വിവാദത്തില്‍ കുടുങ്ങിയിരുന്നു. വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഇദ്ദേഹത്തോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
0 Comments