കടനാട് ഗ്രാമപഞ്ചായത്തില്‍ ഇനി പാറമട വേണ്ടെന്ന് പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനം. ഭരണപ്രതിപക്ഷാംഗങ്ങള്‍ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. ലൈസന്‍സ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സെക്രട്ടറിയും പാറമട ലോബിക്കെതിരായി റിപ്പോര്‍ട്ട് നല്‍കി. ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റി ഐകകണ്ഠ്യേനയാണ് പാറമടക്കെതിരെ തീരുമാനമെടുത്തത്. സംഭവത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് പാറമട പ്രശ്നം ആദ്യംതന്നെ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്യുകയായിരുന്നു. പാറമട ലോബിക്ക് വെടിമരുന്ന് സൂക്ഷിക്കാനുള്ള ലൈസന്‍സിനുള്ള അപേക്ഷ സംബന്ധിച്ച് സെക്രട്ടറി എതിരായ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്. സ്ഥലത്ത് പോയി പരിശോധിച്ചപ്പോള്‍ കുടിവെള്ള പദ്ധതിയുടെ ടാങ്ക് ഉള്‍പ്പെടെ ഇവിടെ ഉണ്ടെന്നും സമീപത്ത് വീടുകളും തോടും ഉണ്ടെന്നുമാണ് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് ഭരണ പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം പാറമടക്കെതിരെ രംഗത്ത് വരികയായിരുന്നു. പഞ്ചായത്തുകമ്മറ്റി നടക്കുന്ന സമയത്ത് പുറത്ത് നീലൂര്‍ വാര്‍ഡിലെ ജനങ്ങള്‍ സമരവുമായി എത്തിയിരുന്നു. പഞ്ചായത്ത് കമ്മറ്റി പാറമടക്കെതിരെ തീരുമാനം എടുത്തതോടെ ഇവര്‍ പിരിഞ്ഞുപോയി.
0 Comments