ബംഗളൂരിൽ നിന്ന് എത്തിയ ഇൻ്റർസ്റ്റേറ്റ് കോൺട്രാക്ട് കാരേജ് സർവീസിൽ നിന്ന് 65 ലക്ഷം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ. എരുമേലി കോട്ടയം പാലാ വഴി ബംഗളൂരുവിലേയ്ക്ക് സർവീസ് നടത്തുന്ന സാനിയ ബസ്സിൽ കടത്തിക്കൊണ്ടുവന്ന പണവുമായി കട്ടപ്പന സ്വദേശിയായ എരുമേലിയിൽ താമസിക്കുന്ന വരിശ്ശേരി മനോജ് മണിയെയാണ് ഈരാറ്റുപേട്ട എക്സൈസ് പിടികൂടി പാലാ പൊലീസിന് കൈമാറിയത്. എരുമേലി സ്വദേശി ഷുക്കൂർ എന്ന ആളിന് കൈമാറാനാണ് പണവുമായെത്തിയതെന്ന് ഇയാൾ പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് ലഹരികടത്ത് കണ്ടെത്തുന്നതിന് എക്സൈസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിനിടെ തിങ്കൾ രാവിലെ 7.30ന് ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളപ്പണം കടത്ത് പിടികൂടിയത്. പാലാ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം ബസ് നിർത്തി പരിശോധിച്ചപ്പോഴാണ് 42 ലക്ഷം രൂപയുമായി മനോജ് പിടിയിലായത്. ബംഗളൂരുവിൽ ഡോളർ കൈമാറി ലഭിച്ച പണവുമായി എരുമേലിയിലേയ്ക്ക് പോകുംവഴിയാണ് ഇയാൾ പാലായിൽ പിടിയിലായത്.
ബസിലെ സീറ്റിനടിയിൽ ഒളിപ്പിച്ചിരുന്ന 23 ലക്ഷം രൂപ പിന്നീട് എരുമേലി എക്സൈസ് പാർട്ടി വാഹന പരിശോധന നടത്തുന്നതിനിടെയാണ് പിടിച്ചെടുത്തത്. പാലാ പൊലിസ് കേസ് എടുത്തു. ഇൻകം ടാക്സ്, എൻഫോഴ്സ്മെൻ്റ് വിഭാഗങ്ങൾക്കും വിവരം കൈമാറിയിട്ടുണ്ട്.
0 Comments