അപകടത്തെ തുടര്‍ന്ന് ഇടതുകൈയുടെ ചലനശേഷി പൂര്‍ണമായി നഷ്ടപ്പെട്ട യുവാവിന് മാര്‍സ്ലീവാ മെഡിസിറ്റിയില്‍ നടന്ന അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ ചലന ശേഷി തിരിച്ചു കിട്ടി. ഒന്നര വര്‍ഷത്തോളം ചലനമില്ലാതിരുന്ന ഇടതു കൈ സാധാരണ നിലയില്‍ ആയതോടെ മിനി ട്രാന്‍സ്‌പോര്‍ട്ട് വാഹനത്തിന്റെ ഡ്രൈവറായ 25 കാരന്‍ വീണ്ടും വാഹനത്തിന്റെ വളയം പിടിച്ച് പുതു ജീവിതത്തിലേക്ക് പ്രവേശിച്ചു. കാഞ്ഞിരപ്പളളി സ്വദേശിയായ യുവാവ് ഒന്നര വര്‍ഷം മുമ്പാണ് റാന്നി -മണിമല റൂട്ടില്‍ വച്ച് അപകടത്തില്‍പെട്ടത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിനു കുറുകെ വന്ന കാറില്‍ ഇടിച്ചു തെറിച്ചു വീണാണ് അപകടമുണ്ടായത്. ഇടതുകയ്യിലേക്കുള്ള ഞരമ്പുകള്‍ സുഷുമ്‌ന നാഡിയില്‍ നിന്നു വേര്‍പെട്ടതിനെ തുടര്‍ന്ന് ഇടതുകൈയ്യുടെ ചലനശേഷി പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. ചലനശേഷി നഷ്ടപ്പെടുന്ന ഈ അവസ്ഥയെ പാന്‍ ബ്രേക്കിയല്‍ പ്ലക്‌സസ് ഇന്‍ജുറി എന്നാണ് അറിയപ്പെടുന്നത്. താടിയെല്ലിനു പരുക്കറ്റ് നാക്ക് മുറിഞ്ഞു പോകുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉള്‍പ്പെടെ മാസങ്ങളോളം ചികിത്സിച്ച് മറ്റ് പരുക്കുകള്‍ ഭേദമായെങ്കിലും ഇടതുകൈയ്യുടെ ചനലശേഷി തിരികെ കിട്ടിയില്ല. ഇതേ തുടര്‍ന്ന് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്ലാസ്റ്റിക് ആന്‍ഡ് റീ കണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗത്തില്‍ ചികിത്സ തേടുകയായിരുന്നു. ആശുപത്രി മെഡിക്കല്‍ സര്‍വീസ് ചീഫും, സീനിയര്‍ കണ്‍സള്‍ട്ടന്റുമായ എയര്‍ കോമഡോര്‍ ഡോ.പോളിന്‍ ബാബുവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയ ശേഷമാണ് അപൂര്‍വ്വ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.
ഇടതു കൈ വീണ്ടും ചലിപ്പിക്കുന്നതിനായി വലതു കൈയ്യിലേക്കുള്ള ഞരമ്പില്‍ നിന്നും ഇടതു വശത്തേക്ക് പുതിയ ഞരമ്പ് ഗ്രാഫ്റ്റ് ചെയ്തു വെയ്ക്കുന്ന ശസ്ത്രക്രിയയാണ് നടത്തിയത്. ഇതിനായി കാലില്‍ നിന്നും 35 സെന്റിമീറ്റര്‍ നീളത്തില്‍ ഞരമ്പ് ഗ്രാഫ്റ്റ് ചെയ്ത് കഴുത്തിന്റെ വലതു വശത്ത് നിന്ന് വേര്‍പെടുത്തിയ ജീവനുള്ള ഞരമ്പിലേക്ക് ഫംഗ്ഷണല്‍ നെര്‍വ് ട്രാന്‍സ്ഫര്‍ എന്ന ശസ്ത്രക്രിയയിലൂടെ കഴുത്തിന് കുറുകെ കൊണ്ടു വന്ന് ഇടുതു കൈയ്യിലെ തളര്‍ന്ന ഞരമ്പിലേക്ക് കൂട്ടിയോജിപ്പിച്ചു. മണിക്കൂറുകള്‍ നീണ്ട അതിസൂക്ഷ്മ മൈക്രോ ശസ്ത്രക്രിയയിലൂടെയാണ് പുതിയ ഞരമ്പ് പിടിപ്പിച്ചത്.പ്ലാസ്റ്റിക് സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.അശ്വതി ചന്ദ്രന്‍, അനസ്‌തേഷ്യോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.ശിവാനി ബക്ഷി എന്നിവരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു. ശസ്ത്രക്രിയയുടെ മുറിവുകള്‍ മാറി ആഴ്ചകള്‍ വിശ്രമിച്ച ശേഷം യുവാവ് ഇടതു കൈ ചലിപ്പിച്ചു തുടങ്ങി. തുടര്‍ന്ന് ഫിസിയോ തെറാപ്പിയിലൂടെ ചലനശേഷി പൂര്‍ണമായി തിരിച്ചെടുത്തു. കൈ വിട്ടു പോയെന്നു കരുതിയ ജീവിതം തിരികെ ലഭിച്ചതോടെ ഡ്രൈവര്‍ ജോലിയിലേക്കു യുവാവ് വീണ്ടും സന്തോഷത്തോടെപ്രവേശിച്ചു.
0 Comments