പനച്ചിക്കാട് പഞ്ചായത്തില്‍ വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന റോഡ് നാട്ടുകാര്‍ ഇടപെട്ട് യാത്രയോഗ്യമാക്കി. റോഡ് നന്നാക്കിയതിനു പിന്നാലെ അവകാശവാദവുമായി പഞ്ചായത്ത് അധികൃതര്‍ രംഗത്തെത്തിയത് ആക്ഷേപങ്ങള്‍ക്കിടയാക്കി. നാലാം വാര്‍ഡില്‍ കൊല്ലാട് തുമ്പയില്‍ചിറ റോഡാണ് വര്‍ഷങ്ങളായി തകര്‍ന്നു കിടന്നത്. റോഡിന്റെ ശോചനീയാവസ്ഥ കണ്ട നാട്ടുകാരുടെ വാട്സ്അപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് റോഡ് നന്നാക്കാന്‍ മുന്നിട്ടിറങ്ങിയത്.
പ്രദേശവാസികളായ അഖില്‍ ദേവ്, മോന്‍സി എബ്രഹാം, ഷൈമോന്‍ കൃഷ്ണവിലാസം, ജോബിന്‍ ജോണ്‍സണ്‍, ജസ്റ്റിന്‍ ജോണ്‍സണ്‍, ബിനുകുമാര്‍ പാനൂര്‍ എന്നിവര്‍ ചേര്‍ന്നാണ് റോഡ് നവീകരണം പൂര്‍ത്തിയാക്കിയത്. കൊല്ലാട് പുളിമൂട് ഷാപ്പിനു മുന്നില്‍ നിന്നും ആരംഭിക്കുന്ന ഈ റോഡ് തുമ്പില്‍ചിറയിലാണ് എത്തിച്ചേരുന്നത്. റോഡിന്റെ ഇരുവശങ്ങളിലും പുല്ല് നിറഞ്ഞതോടെ കാല്‍നടയാത്രക്കാര്‍ക്കും, വാഹന യാത്രക്കാര്‍ക്കും ഈ റോഡ് ഒരു പോലെ ബുദ്ധിമുട്ടായി മാറിയിരുന്നു.
ഈ സാഹചര്യത്തില്‍ നാട്ടുകാര്‍ പഞ്ചായത്തംഗം ജയന്തി ബിജുവിനും, പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മനും നിരവധി തവണ നിവേദനം നല്‍കി.എന്നാല്‍, ഇവരുടെ ഭാഗത്തു നിന്നും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. വഴി വിളക്കുകള്‍ തെളിയാത്ത ഈ റോഡില്‍, സാമൂഹിക വിരുദ്ധരുടെയും മദ്യപ സംഘത്തിന്റെയും ശല്യവും അതിരൂക്ഷമാണ്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് റോഡ് നവീകരിച്ചത് തങ്ങളാണ് എന്ന അവകാശവാദവുമായി പഞ്ചായത്ത് അധികൃതരും രംഗത്ത് എത്തയതായി നാട്ടുകാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ അടുത്ത ഞായറാഴ്ച റോഡ് നവീകരണം പൂര്‍ത്തിയാക്കാനാണ് നാട്ടുകാര്‍ ആലോചിക്കുന്നത്.
0 Comments