റബ്ബര്‍ വിലയിടിവ് തടയാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് അഡ്വ.കെ.ഫ്രാന്‍സിസ് ജോര്‍ജ് എം.പി. ആവശ്യപ്പെട്ടു. പതിമൂന്ന് വര്‍ഷത്തിന് ശേഷം റബ്ബര്‍ വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് റബ്ബര്‍ കര്‍ഷകരിലും റബ്ബര്‍ വിപണിയിലും വലിയ ഉണര്‍വ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ അതിനെ തകിടം മറിക്കുന്ന വിധത്തിലുള്ള വിലയിടിവാണ് ഇപ്പോള്‍ ദിനം പ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
വന്‍കിട കമ്പനികള്‍ അന്താരാഷ്ട്ര വിപണിയില്‍ നിന്ന് കൂടുതല്‍ റബ്ബര്‍ വാങ്ങി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് ആസൂത്രിതമായി വിലയിടിക്കുന്നതിനുള്ള ഗൂഡ തന്ത്രമാണണന്ന് അദ്ദേഹം പറഞ്ഞു. ഒരു കിലോ റബ്ബറിന് 250 രൂപ നല്‍കുമെന്ന് പ്രകടന പത്രികയില്‍ പറഞ്ഞ് അധികാരത്തില്‍ വന്ന ഇടത് മുന്നണി സര്‍ക്കാര്‍ അടിക്കടിയുണ്ടാകുന്ന വിലയിടിവ് കണ്ടില്ലന്ന് നടിക്കുന്നത് കര്‍ഷകരോടുള്ള വഞ്ചനയാണന്ന് അദ്ദേഹം ആരോപിച്ചു. വില സ്ഥിരതാ പദ്ധതിക്കായി ഓരോ വര്‍ഷവും ബജറ്റില്‍ നീക്കി വയ്ക്കുന്ന തുക പോലും സര്‍ക്കാര്‍ കൃത്യമായി നല്‍കുന്നില്ല.
റബ്ബര്‍ വിലയില്‍ ഇപ്പോള്‍ ഉണ്ടായി കൊണ്ടിരിക്കുന്ന തകര്‍ച്ച തടയുന്നതിന് സര്‍ക്കാര്‍ 250 രൂപ തറവില നിശ്ചയിച്ച് റബര്‍ കര്‍ഷകരെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കണം. വിലയിടിവ് തടയാനുള്ള യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടത്തുന്നില്ല. കേരളത്തിലെ കര്‍ഷകര്‍ക്ക് ആവര്‍ത്തന കൃഷിക്ക് നല്‍കുന്ന ആനുകൂല്യം ഇതരസംസ്ഥാനങ്ങളില്‍ നല്‍കുന്നതിലും കുറവാണ്. വീണ്ടും റബ്ബര്‍ വില കുറയുന്ന സാഹചര്യം ഉണ്ടായാല്‍ കേരളത്തിലെ കര്‍ഷകര്‍ റബ്ബര്‍ കൃഷി പൂര്‍ണമായും അവസാനിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും അത് കേരളത്തിന്റെ സമ്പത്ത് ഘടനയെ തകര്‍ക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് എം.പി. പറഞ്ഞു.
0 Comments