Breaking...

9/recent/ticker-posts

Header Ads Widget

നിയുക്ത കര്‍ദ്ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ മെത്രാഭിഷേകം നവംബര്‍ 24ന്



സീറോ മലബാര്‍ സഭയുടെ നിയുക്ത കര്‍ദ്ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ മെത്രാഭിഷേകം നവംബര്‍ 24ന് ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കുമെന്ന് രൂപതാ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ ഏവരെയും സ്വാഗതം ചെയ്യും. തുടര്‍ന്ന് മെത്രാഭിഷേകത്തിന്റെ തിരുകര്‍മങ്ങള്‍ ആരംഭിക്കും. സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മികനായിരിക്കും. ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ച് ബിഷപ് മോസ്റ്റ് റവ.ഡോ. എഡ്ഗര്‍ പാര്‍റ എന്നിവര്‍ സഹകാര്‍മികരായിരിക്കും. ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വി. കുര്‍ബാന മധ്യേ സീറോ മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് വചനസന്ദേശം നല്‍കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് റവ.ഡോ. എഡ്ഗര്‍ പാര്‍റ, ചങ്ങനാശേരി അതിരൂപതാ മുന്‍ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് രൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, ചെത്തിപ്പുഴ തിരുഹ്യദയപള്ളി വികാരിയും ആശ്രമം പ്രയോരും മാര്‍ ജോര്‍ജ് കൂവക്കാടിന്റെ മാതൃ സഹോദരനുമായ റവ. ഫാ. തോമസ് കല്ലുകളം  എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും. മാര്‍ ജോര്‍ജ് കൂവക്കാട് എല്ലാവര്‍ക്കും നന്ദിയര്‍പ്പിക്കും.



ഇന്ത്യയിലും വിദേശത്തു നിന്നുമുള്ള കര്‍ദിനാളന്മാര്‍, മെത്രാന്‍മാര്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എം.എല്‍.എമാര്‍, കേന്ദ്ര-സംസ്ഥാന ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചങ്ങനാശേരി അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നും വൈദികര്‍, സന്യസ്തര്‍, അത്മായര്‍ എന്നിവരടങ്ങുന്ന 4000-ല്‍ അധികം പ്രതിനിധികളും പങ്കെടുക്കും. ഡിസംബര്‍ 7 ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 09.00ന് വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ ജോര്‍ജ് കൂവക്കാടിനെ മറ്റ് ഇരുപതു പേരൊടൊപ്പം കര്‍ദിനാളായി നിയമിക്കും. മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍തന്നെ സ്ഥാനാരോഹണ തിരുകര്‍മങ്ങള്‍ നടത്തപ്പെടും. ഇതിനുശേഷം ഇന്ത്യന്‍ സമയം രാത്രി 10.00 മുതല്‍ 12.00 വരെ നവ കര്‍ദിനാള്‍മാര്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയെ വത്തിക്കാന്‍ കൊട്ടാരത്തില്‍ സന്ദര്‍ശിച്ച് ആശീര്‍വാദം വാങ്ങും. ഡിസംബര്‍ 08 ഞായറാഴ്ച നവ കര്‍ദിനാള്‍മാര്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊത്ത് സെന്റ്‌റ് പീറ്റേഴ്സ് ബസിലിക്കയില്‍ വി. കുര്‍ബാന അര്‍പ്പിക്കും. കര്‍ദിനാളായി സ്ഥാനമേറ്റ മാര്‍ ജോര്‍ജ് കൂവക്കാടിന് മാതൃരൂപതയായ ചങ്ങനാശേരി അതിരൂപതയുടെ സ്വീകരണം ഡിസംബര്‍ 21 ശനിയാഴ്ച 03.00 പിഎം ന് ചങ്ങനാശേരി എസ്.ബി കോളേജിലെ മാര്‍ കാവുകാട്ട് ഹാളില്‍ നടക്കും.




Post a Comment

0 Comments