ഏറ്റുമാനൂര്‍ എറണാകുളം റൂട്ടില്‍ റോഡിലേക്ക് മരം ഒടിഞ്ഞു വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു. നമ്പ്യാകുളത്തിനും കോതനെല്ലൂരിനുമിടയിലെ മുള്ളന്‍കുഴി പാലത്തിനു സമീപമാണ് റോഡിലേക്ക് മരം വീണത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. റോഡ് പുറമ്പോക്കില്‍ നിന്ന തണല്‍ മരമാണ് റോഡിലേക്ക് ഒടിഞ്ഞുവീണത്. റോഡിലൂടെ കടന്നു പോവുകയായിരുന്ന ഇരുചക്ര വാഹനത്തിന് മേലാണ് മരം പതിച്ചത്. ബൈക്കില്‍ ഉണ്ടായിരുന്ന രണ്ട് യാത്രക്കാരില്‍ ഒരാള്‍ക്ക് പരിക്ക് പറ്റി.
പരിക്കേറ്റയാളെ ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. റോഡരികിലെ തണല്‍ മരം മരം അപകട ഭീഷണി ഉയര്‍ത്തുന്നതായി പ്രദേശവാസികള്‍ ചൂണ്ടിക്കാണിച്ചിരുന്നതാണ്. എന്നാല്‍ മരം മുറിച്ചു മാറ്റുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്നും നടപടി ഒന്നും ഉണ്ടായിരുന്നില്ല. ഉണങ്ങി നിന്നിരുന്ന മറ്റൊരു മരം ഒടിഞ്ഞ് കേടുവന്ന മരത്തിന്മേല് പതിച്ചതിനെ തുടര്‍ന്നാണ് വലിയ മര ശിഖരം റോഡിലേക്ക് വീണത്. കേടുവന്ന മരത്തിന്റെ അവശേഷിക്കുന്ന ഭാഗം മുറിച്ചു മാറ്റാന്‍ നടപടി ഉണ്ടാവണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
0 Comments