കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചയാണ് കൈപ്പുഴ സ്വദേശി ധനേഷ് മോന് ഷാജിയെ (26) കിടങ്ങൂര്‍ ചെക്ക് ഡാമിന് സമീപം ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഞായറാഴ്ച രാവിലെയാണ് സുഹൃത്തിനൊപ്പം ചെക്ക് ഡാമില്‍ കുളിക്കാന്‍ ധനേഷ് ഇറങ്ങിയത്. വെള്ളപ്പാച്ചിലില്‍പെട്ട ധനേഷിനെ കാണാതാവുകയായിരുന്നു. ഫയര്‍ഫോഴ്സിനും കിടങ്ങൂര്‍ പോലീസിനും ഒപ്പം ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ ടീം നന്മക്കൂട്ടവും രണ്ടുദിവസമായി തിരച്ചില്‍ നടത്തി വരികയായിരുന്നു.
ഞായറാഴ്ച ടീം എമര്‍ജന്‍സിയും തെരച്ചിലിനെത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ തെരച്ചില്‍ ആരംഭിച്ചതിന് പിന്നാലെ ചെക്ക് ഡാമിന് 100 മീറ്ററോളം അകലെയായി വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം മൃതദേഹം കണ്ടെത്തുകയായിരുന്നു. മൂന്നാംദിവസമാണ് മൃതദേഹം കണ്ടെടുത്തത്. സ്റ്റേഷന് ഓഫീസര്‍ ജോസഫ് ജോസഫ്, ഉദ്യോഗസ്ഥരായ സുജിത്ത്, ഷിന്റോ തോമസ്, പ്രശാന്ത് കോട്ടയം ഫയര്‍സ്റ്റേഷനിലെ സ്കൂബാ ടീം എന്നിവര്‍ തെരച്ചിലിന് നേതൃത്വം നല്കി. മൃതദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
0 Comments