തെരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ട് മാണി സി കാപ്പന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു. തനിക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇലക്ഷന്‍ കേസ് കൊടുത്തു എന്ന രീതിയില്‍ മാണി സി കാപ്പന്‍ നടത്തുന്ന പ്രചാരണങ്ങള്‍ അവാസ്തവവും തെറ്റിദ്ധാരണ ജനകവുമാണന്നും പ്രൊഫ.ലോപ്പസ് മാത്യു പറഞ്ഞു. ജോസ് കെ മാണിക്കെതിരെ നിരന്തരം നടത്തുന്ന കുപ്രചരണങ്ങളുടെ ഭാഗമായി മാത്രമേ ഇതിനെ കാണാനാവൂ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് കോടതിയില്‍ ഇലക്ഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തത്. യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി എന്നീ മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരെയാണ് അദ്ദേഹം പരാതി നല്‍കിയിരുന്നത്. ഇത്തരമൊരു പരാതിയില്‍ സ്വാഭാവികമായും മുന്നണി സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും എതിര്‍കക്ഷികളായി വരും. എതിര്‍കക്ഷി എന്ന നിലയില്‍ നോട്ടീസ് ലഭിച്ചാല്‍ കോടതിയില്‍ ഹാജരാകുവാന്‍ ആളെ നിയമിക്കുന്നത് സ്വാഭാവികമായ നിയമ നടപടിക്രമം മാത്രമാണ് . ഇതിനെയാണ് മാണി സി കാപ്പന്‍ തനിക്കെതിരെ ജോസ് കെ മാണി കേസ് കൊടുത്തു എന്ന രീതിയില്‍ തെറ്റായ പ്രചരണം നടത്തുന്നത്. സാമ്പത്തിക തട്ടിപ്പ്, ചെക്ക് കേസ് ,വ്യാജരേഖ ചമക്കല്‍ തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരില്‍ നിരന്തരം കോടതി കയറിയിറങ്ങുന്ന പാലാ എംഎല്‍എയുടെ സാരോപദേശം ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ചുതള്ളുമെന്നും ലോപ്പസ് മാത്യു പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷക്കാലത്തിനിടയില്‍ പാലായില്‍ പുതുതായി ഒരു വികസന പദ്ധതി പോലും കൊണ്ടു വരുന്നതിന് എംഎല്‍എ യ്ക്ക് കഴിഞ്ഞിട്ടില്ല. കെ.എം മാണിയുടെ കാലത്ത് തൊണ്ണൂറ് ശതമാനവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പദ്ധതികള്‍ പോലും ഇപ്പോഴും അതേപടി അവശേഷിക്കുകയാണ്.പാലായില്‍ ഒരു വികസനവും എത്തിക്കാന്‍ കഴിയാത്തതിന്റെ ജാള്യത മറയ്ക്കുവാനുള്ള വിഫല ശ്രമമാണ് കാപ്പന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രൊഫ ലോപ്പസ് മാത്യു പറഞ്ഞു.
0 Comments